Lionel Messi Kolkata visit കൊല്‍ക്കത്തയിലെ സിറ്റി ഓഫ് ജോയിയില്‍ ഇന്നലെ അരങ്ങേറിയത് ഇന്ത്യയെ തന്നെ നാളം കെടുത്തുന്ന രംഗങ്ങള്‍. ഇതിഹാസതാരം ലയണല്‍ മെസ്സിയെ നേരില്‍ കാണാനെത്തിയവര്‍ നിരാശരായപ്പോള്‍ സോള്‍ട്ട് ലേക്ക് സ്റ്റേഡിയം കൂക്കിവിളിയും കസേരയേറും അക്രമവും കൊണ്ട് നിറഞ്ഞു. സംഘാടനത്തിലെ പിഴവുകൊണ്ട്, ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ നാണംകെട്ട അധ്യായങ്ങളിലൊന്നായി മാറി മെസ്സിയുടെ കൊല്‍ക്കത്ത സന്ദര്‍ശനം. സംഭവത്തിന് പിന്നില്‍ സംഘപരിവാരത്തിന്റെ ഗൂഡാലോചനയുണ്ടെന്ന ആരോപണവും ഉയര്‍ന്നു.
|
കൊല്‍ക്കത്തയില്‍ ഇന്നലെ സംഭവിച്ചത്:
പുലര്‍ച്ചെ 2.26
ലയണല്‍ മെസ്സി കൊല്‍ക്കത്ത വിമാനത്താവളത്തിലിറങ്ങുന്നു. ഒപ്പം, ഇന്റര്‍ മയാമി താരങ്ങളായ ലൂയി സ്വാരെസും റോഡ്രിഗോ ഡി പോളും
രാവിലെ 9.30
ഹോട്ടലില്‍ ക്ഷണിക്കപ്പെട്ട ആരാധകരെ കാണുന്നു, പ്രാതല്‍ കഴിക്കുന്നു. ഷാറൂഖ് ഖാന്‍ മെസ്സിയെ കാണുന്നു, ഫോട്ടോയെടുക്കുന്നു.
10.00
രാവിലെ മെസ്സി എത്തും മുന്‍പേ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തില്‍ സാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കുന്നു.
11.35
മെസ്സി കാറില്‍ സ്റ്റേഡിയത്തില്‍ എത്തുന്നു. സിന്തറ്റിക് ട്രാക്കിനു സമീപം നിര്‍ത്തിയ കാറില്‍നിന്ന് പുറത്തിറങ്ങുന്നു, കാതടപ്പിക്കുന്ന ആരവം. അമ്പരപ്പില്‍ മെസ്സി.
11.36
ഗ്രൗണ്ടിലിറങ്ങിയ മെസ്സിക്കു ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥര്‍. ഒപ്പം സംഘാടകരും. അവര്‍ക്കിടയിലൂടെ ഇടിച്ചുകയറാന്‍ ശ്രമിക്കുന്ന ആളുകള്‍.
11.38
മൈതാന മധ്യത്തിലെത്തിയ മെസ്സിയുടെ ചുറ്റും നില്‍ക്കുന്നവര്‍ മാറണമെന്നു മുഖ്യ സംഘാടകന്‍ ശതാദ്രു ദത്ത മൈക്കിലൂടെ അറിയിക്കുന്നു. ആരും ഗൗനിക്കുന്നില്ല. മെസ്സിക്കു ചുറ്റുമുള്ള ആള്‍ക്കൂട്ടം വര്‍ധിക്കുന്നു.
11.41
സ്റ്റേഡിയത്തിന്റെ കിഴക്കേ ഗാലറിക്കുനേരേ തിരിഞ്ഞ മെസ്സി ചിരിയോടെ രണ്ടുകൈകളും ഉയര്‍ത്തി ആരാധകരെ അഭിവാദ്യം ചെയ്യുന്നു, സ്റ്റേഡിയം ആരവത്തില്‍ മുങ്ങുന്നു.
11.45
മെസ്സിയുമായി സൈഡ് ലൈനില്‍ സജ്ജമാക്കിയ വിഐപി പവിലിയനിലേക്കു നീങ്ങാന്‍ ശതാദ്രു ടീമിന്റെ ശ്രമം.
11.48
സുരക്ഷാ ഉദ്യോഗസ്ഥരും ചില പൊലീസ് ഉദ്യോഗസ്ഥരും വൊളന്റിയര്‍മാരുംവരെ പവലിയനില്‍ മെസ്സിക്കൊപ്പം ഇടിച്ചുനിന്നു പടമെടുക്കാന്‍ ശ്രമിക്കുന്നു.
11.50
മാറിനില്‍ക്കാനുള്ള അഭ്യര്‍ഥനകള്‍ ഫലിക്കാതെ വന്നതോടെ സംഘാടകര്‍ തീരുമാനം മാറ്റുന്നു. മെസ്സിയുമായി സ്റ്റേഡിയത്തില്‍നിന്നു മടങ്ങുന്നു.
11.56
മെസ്സി മടങ്ങുന്ന കാഴ്ച വിശ്വസിക്കാനാവാതെ തരിച്ചിരുന്ന ഗാലറികളിലെ കാണികള്‍ ഇളക്കുന്നു. കുപ്പിയേറും ആക്രോശവും തുടങ്ങുന്നു. ഗാലറിയിലെ കസേരകള്‍ തകര്‍ത്ത് കളിക്കളത്തിലേക്കു കൂട്ടമായി എറിഞ്ഞു. സ്‌പോണ്‍സര്‍മാരുടെ ബോര്‍ഡുകള്‍ തകര്‍ത്തു വലിച്ചെറിഞ്ഞു. ബാരിക്കേഡുകളും സ്ഥിരം വേലിക്കെട്ടുകളും പൊളിച്ച് ജനക്കൂട്ടം ഗ്രൗണ്ടിലിറങ്ങി. പൊലീസ് ലാത്തിച്ചാര്‍ജ് തുടങ്ങുന്നു. ലാത്തിയടിയില്‍നിന്നു രക്ഷപ്പെടാന്‍ കാണികള്‍ തിരികെ ഗാലറിയിലേക്ക്. വേലിക്കെട്ടു ചാടിക്കടക്കുമ്പോള്‍ വീണു പലര്‍ക്കും പരുക്ക്.
12.20
ഭൂരിഭാഗം പൊലീസുകാരും കളിക്കളംവിടുന്നു. ജനം ഗ്രൗണ്ട് കയ്യടക്കി. സംഘാടകര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍. ആള്‍ക്കൂട്ടത്തില്‍ ബജ്രംഗ്ദള്‍ പതാകയുമായി ഒരു സംഘത്തിന്റെ പ്രകടനം. സംഘപരിവാറിന്റെ അട്ടിമറി സംശയിക്കുന്നതായി ചില തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
12.50
സ്റ്റേഡിയത്തിലേക്ക് പൊലീസ് കൂടുതലായെത്തുന്നു. ആളുകളെ പറഞ്ഞു പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. ചിലരോടു മാത്രം ബലപ്രയോഗം. ആളുകള്‍ പിരിഞ്ഞു പോകുന്നു.





