|
റിയാദ്: അടുത്തിടെയാണ് സൗദി ഭീമന്‍മാരായ അല്‍ നസര്‍ ലോക റെക്കോഡ് തുകയ്ക്ക് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിച്ചത്. ഇപ്പോഴിതാ അല്‍ നസറിന്റെ ചിരവൈരികളായ അല്‍ ഹിലാല്‍ അര്‍ജന്റീനന്‍ ഇതിഹാസ താരമായ ലയണല്‍ മെസ്സിയെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. മുന്‍ഡോ ഡിപ്പോര്‍ട്ടിവോ എന്ന സ്പാനിഷ് പത്രമാണ് വാര്‍ത്ത പുറത്ത് വിട്ടത്.മെസ്സിയ്ക്കായി അല്‍ ഹിലാല്‍ മുന്നോട്ട് വയ്ക്കുന്നത് 300 മില്ല്യണ്‍ ഡോളറാണ്. ഏകദേശം 2445 കോടി രൂപ.കരാര്‍ പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ ഇതുതന്നെയായിരിക്കും. നിലവില്‍ ലോക ഫുട്‌ബോളില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ റൊണാള്‍ഡോയാണ് മുന്നില്‍. മെസ്സി അല്‍ ഹിലാലില്‍ എത്തിയാല്‍ താരം റോണോയെ പിന്തള്ളും.
നിലവില്‍ മെസ്സിക്ക് പിഎസ്ജിയുമായി 2023 വരെയാണ് കരാര്‍. കരാര്‍ പുതുക്കുമെന്ന് താരം വ്യക്തമാക്കിയിരുന്നെങ്കിലും ഇത് ഔദ്ദ്യോഗികമായിട്ടില്ല. മെസ്സിയുടെ പിതാവ് അല്‍ ഹിലാലുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്.സൗദി ടൂറിസത്തിന്റെ അംബാസഡറായ മെസ്സി സൗദി ക്ലബ്ബിന്റെ ഓഫര്‍ തള്ളുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.



