ലിവര്‍പൂള്‍-സിറ്റി സമനില: ടൈറ്റിലിനായി പൊരിഞ്ഞ പോരാട്ടം
|
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരുടെ പോരാട്ടം സമനിലയില്‍. ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഇറങ്ങിയ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും ഓരോ ഗോള്‍ വീതം നേടിയാണ് ബലാബലം പിരിഞ്ഞത്. ലിവര്‍പൂള്‍ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന ആവേശ പോരില്‍ ആദ്യ പകുതിയില്‍ ജോണ്‍ സ്‌റ്റോണ്‍സിലൂടെ (23) സിറ്റിയാണ് വലകുലുക്കിയത്. രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെ മാക് അലിസ്റ്റര്‍ (50) സമനില ഗോള്‍ നേടി. ഡാര്‍വിന്‍ ന്യൂനസിനെ ബോക്‌സില്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി വിധിച്ചത്.
സമനില ഗോളിന് ശേഷവും ഇരുഭാഗത്തുനിന്നും നിരവധി മുന്നേറ്റങ്ങളും ഗോളവസരങ്ങളും പിറന്നു. സിറ്റിയുടെ ഫില്‍ ഫോഡന്റെയും ജെറെമി ഡോകുവിന്റെയും ഷോട്ടുകള്‍ അവിശ്വസനീയമാം വിധം പോസ്റ്റില്‍ തട്ടിമടങ്ങി. വിജയഗോള്‍ പിറന്നില്ലെങ്കിലും ആന്‍ഫീല്‍ഡില്‍ ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. രണ്ടാം പകുതിയില്‍ സൂപ്പര്‍താരം മുഹമ്മദ് സലാഹിനെ ലിവര്‍പൂള്‍ കളത്തിലിറക്കി.
ഇരുവരും ഓരോ പോയിന്റ് വീതം പങ്കിട്ടതോടെ 64 പോയിന്റുള്ള ഗണ്ണേഴ്‌സ് ഒന്നാമത് തന്നെ തുടരുകയാണ്. ഇതേ പോയിന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ രണ്ടാമതാണ് ലിവര്‍പൂള്‍. 63 പോയിന്റുമായി സിറ്റിയാണ് മൂന്നാമത്. ആസ്റ്റന്‍ വില്ല (55), ടോട്ടനം (53), യുനൈറ്റഡ് (47) എന്നീ ടീമുകളാണ് തൊട്ടുപിന്നുള്ളത്.
മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത നാലു ഗോളിന് ടോട്ടനം തോല്‍പിച്ചു. ജെയിസ് മാഡിസന്‍(50), ബ്രെണ്ണന്‍ ജോണ്‍സന്‍(53),സണ്‍ ഹ്യൂംമിന്‍(90+1),തിമോ വെര്‍ണര്‍(90+4) എന്നിവര്‍ ലക്ഷ്യം കണ്ടു. മറ്റു മത്സരങ്ങളില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ ബ്രൈട്ടന്‍ ഒരുഗോളിന് കീഴടക്കി. വെസ്റ്റ്ഹാംബേര്‍ണി മാച്ച് സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും രണ്ടു ഗോള്‍വീതം നേടി.
Liverpool vs Man City Mac Allister, Stones score in 1-1 draw; Arsenal leads Premier League table on goal difference


