22
Jul 2023
Sun
22 Jul 2023 Sun

മലയാളി ലോങ്ജംബ് താരം ശ്രീശങ്കറിന് പാരീസ് ഒളിമ്പിക്‌സിന് യോഗ്യത

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമഡല്‍ സ്വന്തമാക്കിയ മലയാളി ലോങ്ജംബ് താരം എം ശ്രീശങ്കറിന് പാരീസ് ഒളിമ്പിക്‌സിന് യോഗ്യത. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ 8.37 മീറ്റര്‍ പ്രകടനമാണ് താരത്തിനു അടുത്ത വര്‍ഷം നടക്കുന്ന പാരീസ് ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിക്കൊടുത്തത്. പാരീസ് ഒളിംപിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ഫീല്‍ഡ് അത്‌ലറ്റാണ് എം ശ്രീശങ്കര്‍. 8.27 മീറ്ററായിരുന്നു പാരീസിലേക്കുള്ള യോഗ്യതാ മാര്‍ക്ക്. ഇത് താരം അനായാസം മറികടന്നു.

ഈയിനത്തില്‍ 8.40 മീറ്റര്‍ ദൂരവുമായി ചൈനീസ് തായ്‌പേയുടെ യു ടാങ് ലിന്നാണ് സ്വര്‍ണം. 8.08 മീറ്ററുമായി ചൈനയുടെ മിന്‍ഗുന്‍ യാങ് വെങ്കലം കരസ്ഥമാക്കി. മീറ്റില്‍ നാല് ശ്രമങ്ങളിലും 8 മീറ്റര്‍ പിന്നിടാന്‍ ശ്രീശങ്കറിനായി. മുമ്പ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മലയാളി താരം വെള്ളി നേടിയിരുന്നു.

മെഡല്‍ നേട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എം ശ്രീശങ്കറിനെ അഭിനന്ദിച്ചു. ‘ഏഷ്യന്‍ അത്!ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ലോംഗ് ജംപില്‍ വെള്ളി മെഡല്‍ നേടിയ എം ശ്രീശങ്കറിന് അഭിനന്ദനങ്ങള്‍. ഈ പ്രകടനത്തോടെ 2024ലെ പാരീസ് ഒളിംപിക്‌സിനുള്ള യോഗ്യത കൂടി നേടി കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ശ്രീശങ്കര്‍. ഭാവിയിലും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകട്ടെയെന്ന് ആശംസിക്കുന്നു’ എന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.

നേരത്തെ, ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം അബ്ദുള്ള അബൂബക്കര്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടിയിരുന്നു. സീസണിലെ ഏറ്റവും മികച്ച പ്രകടനവുമായി 16.92 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് അബ്ദുള്ള അബൂബക്കര്‍ ബാങ്കോക്കില്‍ സ്വര്‍ണമണിഞ്ഞത്.