13
Mar 2025
Wed
13 Mar 2025 Wed
Longest theater runs in mollywood

അപൂര്‍വ്വം ചില വീടുകളില്‍ മാത്രം ടിവിയുള്ള കാലം. ( Longest theater runs in mollywood )അതില്‍ തന്നെ മലയാള സിനിമ വരുന്നത് ആണ്ടിലൊരിക്കല്‍. വീഡിയോ കാസറ്റ് പ്ലെയറൊക്കെ പണക്കാരുടെ വീട്ടില്‍ മാത്രം. ഒടിടി പ്ലാറ്റ്‌ഫോമിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല. അക്കാലത്ത് സിനിമ കാണണമെങ്കില്‍ തിയേറ്റര്‍ തന്നെ ശരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇപ്പോഴത്തെ പോലെ ഒന്നോ രണ്ടോ ഷോകള്‍ മാത്രമായി ഒരാഴ്ച്ചയ്ക്കുള്ളില്‍ തിയേറ്റര്‍ വിടുന്ന പതിവല്ല അന്ന്. സൂപ്പര്‍ സ്റ്റാറുകളുടെ ഹിറ്റ് സിനിമകള്‍ ആഴ്ച്ചകളോളം നിറഞ്ഞ സദസ്സില്‍ ഓടും. അതും നാലും അഞ്ചും ഷോകള്‍. ചില സിനിമകള്‍ ആഴ്ച്ചകളും മാസങ്ങളും പിന്നിട്ട് വര്‍ഷം തികച്ചു എന്ന് പറഞ്ഞാല്‍ ന്യൂജന്‍സ് മൂക്കത്ത് വിരല്‍ വയ്ക്കും.

സിദ്ധിക്ക്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ‘ഗോഡ്ഫാദറാ’ണ് മലയാളത്തിലെ ഏറ്റവുമധികം നാള്‍ പ്രദര്‍ശനം നടത്തിയ ചിത്രം. 404 ദിവസങ്ങളാണ് സിനിമാ തിയറ്ററുകളില്‍ ഗോഡ്ഫാദര്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയത്. 1991-ല്‍ പുറത്തുവന്ന സിനിമയിലെ ഹാസ്യരംഗങ്ങള്‍ക്ക് ഇന്നും മാര്‍ക്കറ്റുണ്ട്. അഞ്ഞൂറാനും ആനപ്പാറ അച്ചാമ്മയും ബലാബലം നിന്ന കഥാപരിസരം.

പ്രിയദര്‍ശനൊരുക്കിയ ‘ചിത്രം’ സിനിമയാണ് രണ്ടാം സ്ഥാനത്ത്. മോഹന്‍ലാല്‍ വിഷ്ണു എന്ന നായകനായി ഹ്യൂമറും സെന്റിമെന്റല്‍ സീനുകളും തകര്‍ത്താടി. ആര്‍ക്കും അനുകരിക്കാനാകാത്ത കോമിക് ടൈമിങ്ങാണ് സിനിമയില്‍ മോഹന്‍ലാല്‍ കാഴ്ച വെച്ചത്. ഗാനരംഗങ്ങളുടെ സൗന്ദര്യം കൂടിയായതോടെ ചിത്രം മലയാളിയുടെ മനസ്സില്‍ പതിഞ്ഞു.

Chithram malayalam movie

അധികം പഴക്കമില്ലാത്ത ‘ഒരു വടക്കന്‍ വീരഗാഥ’യാണ് പട്ടികയില്‍ മൂന്നാമത്. വടക്കന്‍ പാട്ടുകളിലെ ചതിയന്‍ ചന്തു മുന്നൂറിലധികം ദിവസങ്ങളാണ് തിയേറ്ററുകളെ പിടിച്ചിരുത്തിയത്. എം.ടിയുടെ തിരക്കഥയില്‍ ചന്തുവിനെ അവിസ്മരണീയമാക്കിയ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ബഹുമതിയും കിട്ടി.

Vaddakkan veera gadha malayalm movie

നാലാം സ്ഥാനത്തുള്ളത് ‘മണിച്ചിത്രത്താഴാ’ണ്. ഫാസില്‍ അണിയിച്ചൊരുക്കിയ മണിച്ചിത്രത്താഴ് കള്‍ട്ട് ക്ലസ്സിക്കാണ്. ഏതെല്ലാം ഭാഷകളിലേക്ക് അതിര്‍ത്തി കടന്നുപോയെങ്കിലും മലയാളത്തിന്റെ നിലവാരത്തിനടുത്ത് എത്താന്‍ ഒരു റീമേക്കിനും സാധിച്ചില്ല. മോഹന്‍ലാലും സുരേഷ് ഗോപിയും ഉണ്ടെങ്കിലും സിനിമ ശോഭനയുടേതായിരുന്നു. ശോഭനയ്ക്ക് ദേശീയ അവാര്‍ഡ് കിട്ടുകയും ചെയ്തു.

Manichithrathazhu malayalm movie

ഹിറ്റ്‌ലര്‍, കിലുക്കം, ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് , ആകാശദൂത്, പപ്പയുടെ സ്വന്തം അപ്പൂസ്, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയവയാണ് ആദ്യ പത്തുസ്ഥാനങ്ങളിലുള്ള മറ്റു ചിത്രങ്ങള്‍.

ഏറ്റവുമധികം പ്രദര്‍ശിപ്പിച്ച സിനിമകളുടെ പട്ടികയില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും 4 സിനിമകള്‍ വീതമുണ്ട്. അതായത് സൂപ്പര്‍ താരങ്ങളുടേതല്ലാത്ത രണ്ട് ചിത്രങ്ങള്‍ മാത്രമേ ആദ്യ പത്തിലുള്ളൂ.