മട്ടന്നൂര്‍ (കണ്ണൂര്‍): കണ്ണൂര്‍ മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തിനു സമീപമുള്ള ‘നന്ദനം’ വീടിനെ വിറങ്ങലിപ്പിച്ച ഇരട്ട മരണത്തില്‍ ദുരൂഹത നീങ്ങി. റിട്ടയേര്‍ഡ് അധ്യാപിക സി. ജ്യോതിയെ (56) വെട്ടിക്കൊലപ്പെടുത്തിയത് മകന് നവീന്‍ കൃഷ്ണ (21) തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. അമ്മയെ ക്രൂരമായി വെട്ടിയ ശേഷം നവീന്‍ സ്വയം നെഞ്ചില്‍ കത്തി കുത്തിയിറക്കി ജീവനൊടുക്കുകയായിരുന്നുവെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് ഭരത് റെഡ്ഡി മാധ്യമങ്ങളോട് വ്യക്തമാക്കി.
|
സംഭവത്തില്‍ പുറത്തുനിന്ന് ആരുടെയും ഇടപെടലില്ലെന്ന് വ്യക്തമായതായും പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് മട്ടന്നൂര്‍ ലയണ്‍സ് ക്ലബ് റോഡിലെ വീടിന്റെ രണ്ടാം നിലയിലെ ഹാളില്‍ ചോരയില്‍ കുളിച്ച നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നവീന്‍ വിഷാദരോഗ ചികിത്സയില്‍; തലേന്നും കൗണ്‍സിലിങ്
ദാരുണമായ ഈ സംഭവത്തിന് പിന്നില്‍ നവീന്‍ കൃഷ്ണ അനുഭവിച്ചിരുന്ന കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദരോഗവുമാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ബി.കോം പഠനത്തിന് ശേഷം ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്സിന് തയ്യാറെടുക്കുകയായിരുന്ന നവീന്‍ കഴിഞ്ഞ കുറച്ചുകാലമായി തീവ്രമായ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു.
ദുരന്തം നടക്കുന്നതിന് തൊട്ടുതലേദിവസവും കൂത്തുപറമ്പിലെ പ്രമുഖ മാനസികാരോഗ്യ കേന്ദ്രത്തില്‍ നവീനെ കൗണ്‍സിലിങ്ങിനായി എത്തിച്ചിരുന്നതായി കുടുംബാംഗങ്ങളെ ഉദ്ധരിച്ച് പോലീസ് വെളിപ്പെടുത്തി. വീട്ടില്‍ ആരോടും അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു നവീന്‍.
അച്ഛന് ക്ഷേത്രത്തില്‍ നിന്നെത്തിയപ്പോള്‍ കണ്ടത് ചോരക്കളം
ചൊവ്വാഴ്ച രാവിലെ 9.30-ഓടെ ജ്യോതിയും മകനും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായതായി അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. രാവിലെ 10.30-ഓടെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ജ്യോതിയുടെ ഭര്‍ത്താവ് കെ.ടി. ജയകൃഷ്ണനാണ് (റിട്ട. KSEB ഉദ്യോഗസ്ഥന്) വീടിന്റെ മുകളിലത്തെ നിലയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടത്.
ഇദ്ദേഹത്തിന്റെ ഉറക്കെയുള്ള നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം ഉടനടി പോലീസിലും ആംബുലന്‍സിലും അറിയിച്ചത്. എങ്കിലും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇരുവര്‍ക്കും ജീവന് നഷ്ടമായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച സ്റ്റീല്‍ കത്തി സംഭവസ്ഥലത്തെ മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിക്കും
കാവുമ്പടി സി.എച്ച്.എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ റിട്ടയേര്‍ഡ് അധ്യാപികയായ ജ്യോതി ഈ വര്‍ഷമാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. പരേതനായ ഇടവേലിക്കലിലെ പി.വി. പത്മനാഭന് മാസ്റ്ററുടെയും റിട്ട. അധ്യാപിക സി. മീനാക്ഷിയുടെയും മകളാണ്. മറ്റൊരു മകന് നവനീത് കൊച്ചിയില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്തുവരികയാണ്.
കൂത്തുപറമ്പ് എ.സി.പി എം.പി. ആസാദ്, മട്ടന്നൂര്‍ ഇന്‍സ്പെക്ടര്‍ എം.വി. ഷീജു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഫോറന്‍സിക്-വിരലടയാള വിദഗ്ദ്ധരെ ഉപയോഗിച്ച് കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. മൃതദേഹങ്ങള്‍ തലശ്ശേരി ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി ഇന്ന് സംസ്കരിക്കും.
Tags: Mattannur News, Jyothi Naveen Krishna Death, Kannur Crime News, Mattannur Double Death, City Police Commissioner Vijay Bharat Reddy, Crime News Malayalam, News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





