17
Dec 2024
Sat
17 Dec 2024 Sat
Lulu daily and Lulu connects opens in Kollam Kottiyam

കൊല്ലം: കേരളത്തിന്റെ സഹകരണമേഖലയ്ക്ക് പിന്തുണയുമായി ദേശിംഗനാട് റാപിഡ് ഡവലപ്‌മെന്റ് ആന്റ് അസിസ്റ്റന്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ കീഴിലെ ഡ്രീംസ് മാളില്‍ ലുലു ഡെയിലിയും ലുലു കണക്ടും തുറന്നു. കൊല്ലം ജില്ലയിലെ കൊട്ടിയത്താണ് പുതിയ ലുലു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ മയ്യനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ ഷാഹിദ ഉദ്ഘാടനം നിര്‍വഹിച്ചു. ഡ്രീംസ് കോ ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എസ് ഫത്തഹുദ്ദീന്‍, സെക്രട്ടറി ബെന്നിജോണ്‍ മയ്യനാട് ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് മെംബര്‍ സോണി പി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊട്ടിയത്തെ ലുലു സഹകരണമേഖലയ്ക്ക് മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് ഊര്‍ജമേകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി വ്യക്തമാക്കി. കേരളത്തിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നില്‍ക്കുന്ന സഹകരണ സംഘങ്ങള്‍ നാടിന്റെ മുന്നോട്ടുള്ള പുരോഗതിക്ക് നെടുന്തൂണാണ്. കേരളത്തിലെ സഹകരണ മേഖലയുടെ സാധ്യത കൃത്യമായി ഉപയോഗിക്കപ്പെടണം. സഹകരണമേഖലയ്ക്ക് പിന്തുണ നല്‍കേണ്ടത് വ്യവസായ സമൂഹത്തിന്റെ ചുമതലയാണെന്നും ലുലുവിന്റെ സാന്നിധ്യം സഹകരണമേഖലയുടെ മുന്നോട്ടുള്ള കുതിപ്പിന് വേഗം പകരുമെന്നും എം.എ യൂസഫലി കൂട്ടിച്ചേര്‍ത്തു.

സഹകരണ മേഖലയിലെ ഈ ചുവടുവയ്പ്പ് വാണിജ്യമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നതാണ്. സാധാരണ ജനങ്ങള്‍ക്ക് കൂടി ഗുണം ലഭിക്കുന്ന ഇത്തരം സംരംഭങ്ങളുമായി ലുലു ഗ്രൂപ്പിന് കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഞങ്ങള്‍ നല്‍കുന്ന പ്രോത്സാഹനവും പിന്തുണയുമായി ലുലു ഡെയിലിയെ കാണണമെന്നും എം.എ യൂസഫലി വ്യക്തമാക്കി. ഇത്തരം ആശയങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും മാള്‍ എന്ന ആശയം നടപ്പിലാക്കിയ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനവും പ്രശംസനീയമെന്നും എം. എ യൂസഫലി കൂട്ടിച്ചേര്‍ത്തു. ഇന്നാട്ടിലെ സാധാരണക്കാരില്‍ നിന്നും ഓഹരിയായോ നിക്ഷേപമായോ സ്വീകരിച്ചാണ് ഡ്രീംസ് മാളിന്റെ പ്രവര്‍ത്തനം എന്നത് ഏറെ ശ്രദ്ധേയമാണ്. ഇവിടെ വരുന്ന ഓരോ വ്യക്തിയും ഓരോ അര്‍ത്ഥത്തിലും മാളിന്റെ ഉടമയാണെന്നും, ലാഭം പൊതുജനങ്ങള്‍ക്ക് കൂടി ലഭിക്കുമെന്നത് അഭിമാനകരമാണെന്നും എം.എ യൂസഫലി വ്യക്തമാക്കി.

36 കോടിയോളം രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് നടത്തിയിരിക്കുന്നത്. 2 ലക്ഷം സ്‌ക്വയര്‍ ഫീറ്റിലുള്ള ഡ്രീംസ് മാളില്‍ രണ്ടു നിലകളിലായി 45000 ൂെ ള േവിസ്തൃതിയിലാണ് ലുലു ഒരുങ്ങിയിരിക്കുന്നത്. 39000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ സൂപ്പര്‍മാര്‍ക്കറ്റും , 6000 സ്‌ക്വയര്‍ ഫീറ്റില്‍ ലുലു കണക്ടും ആഗോള ഷോപ്പിങ് അനുഭവമാണ് സമ്മാനിക്കുക.600 ലധികം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കും.മികച്ച വാഹന പാര്‍ക്കിങ്‌സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സഹകരണ സംഘത്തിന്റെ കീഴില്‍ എന്‍ജിനീയറിങ്ങ് വിഭാഗവും ഡ്രീംസ് മാള്‍ ഓപറേറ്റ് ചെയ്യുന്ന മാള്‍ മാനേജ്‌മെന്റ് വിഭാഗവും പ്രവര്‍ത്തിക്കുന്നു. സൊസൈറ്റി ആദ്യമായി ഏറ്റെടുത്ത പദ്ധതിയാണ് ഡ്രീംസ് മാള്‍. ലുലുവിന്റെ കൂടി സാന്നിധ്യത്തോടെ ഈ സ്വപ്ന പദ്ധതിക്ക് കൂടുതല്‍ തിളക്കം കൂടുകയാണ്. ലുലുഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ, ലുലു ഇന്ത്യ സിഇഒ ആന്‍ഡ് ഡയറക്ടര്‍ നിഷാദ് എം.എ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ ഷോപ്പിങ് മാള്‍സ് ഡയറക്ടര്‍ ഷിബു ഫിലിപ്പ്‌സ്, ലുലു ഗ്രൂപ്പ് തിരുവനന്തപുരം റീജ്യണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ബയിങ്ങ് ഹെഡ് ദാസ് ദാമോദരന്‍, ലുലു കൊട്ടിയം ജനറല്‍ മാനേജര്‍ ഷജറുദീന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.