21
Mar 2024
Fri
21 Mar 2024 Fri

ദോഹ:പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പിൻ്റെ ഖത്തറിലെ 23-മത്തെ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. അബു ഹമൂറ ദോഹ മാളിൽ നടന്ന ചടങ്ങിൽ പ്രമുഖ ഖത്തർ വ്യവസായിയായ അബ്ദുൽ അസീസ് മുഹമ്മദ് അൽ റബ്ബാൻ, ശൈഖ് അബ്ദുള്ള ബിൻ ഹസ്സൻ അൽ ഥാനി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, പോളണ്ട്, ഇന്തോനേഷ്യ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർമാർ, കോമേഴ്സ്യൽ ബാങ്ക് ഓഫ് ഖത്തർ സി.ഇ.ഒ ജോസഫ് എബ്രഹാം, ലുലു ഗ്രൂപ്പ് എക്സിക്യുട്ടിവ്‌ ഡയറക്ടർ എം എ അഷ്‌റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്, ലുലു ഖത്തർ റീജിയണൽ ഡയറക്ടർ എം.ഒ ഷൈജൻ എന്നിവരും സംബന്ധിച്ചു.

ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്താക്കൾക്കായി ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവമാണ് ലുലു ഒരുക്കിയിട്ടുള്ളത്.

ഖത്തറിൽ രണ്ട് പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഖത്തറിലെ പ്രവർത്തനങ്ങൽക്ക് ഭരണാധികാരികൾ നൽകുന്ന പിന്തുണക്ക് യൂസഫലി നന്ദി പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഖത്തറിലെ ഉപഭോക്താക്കൾക്കായി ലുലു ഒരുക്കുന്ന ലോയൽറ്റി പദ്ധതിക്കും തുടക്കം കുറിച്ചു. പദ്ധതിയിൽ പങ്കാളികളാകുന്ന ഉപഭോക്തക്കൾക്ക് ആകർഷകമായ വിലക്കിഴിവുകളും പോയൻ്റുകളും ഖത്തറിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ലഭിക്കും. ഹൈപ്പർ മാർക്കറ്റുകളിൽ നിന്നും സാധനങ്ങൾ വാങ്ങിക്കുമ്പോൾ ലഭിക്കുന്ന പോയൻ്റുകൾ ഉപയോഗിച്ച് ഷോപ്പിംഗ് ചെയ്യാനും സാധിക്കും.

റമദാൻ മാസത്തോടനുബന്ധിച്ച് ആകർഷകങ്ങളായ പ്രത്യേക റമദാൻ കിറ്റുകളും മറ്റും ലുലു ഒരുക്കുന്നുണ്ട്.