മലപ്പുറം: സൂപ്പര്‍ ലീഗ് കേരളയുടെ മലപ്പുറത്തെ ഏക ടീമായ മലപ്പുറം ഫുട്‌ബോള്‍ ക്ലബിന്റെ(എംഎഫ്‌സി) ഔപചാരിക ഉദ്ഘാടനം ആഗസ്റ്റ് 29ന് പത്മശ്രീ എം എ യൂസുഫലി നിര്‍വ്വഹിക്കും . വൈകിട്ട് 4 മണിക്ക് മലപ്പുറം എം എസ് പി ഗ്രൗണ്ടിലാണ് പരിപാടി . നിപ്പ പ്രോട്ടോകാള്‍ കാരണം നേരത്തെ നിര്‍ത്തിവെച്ചതായിരുന്നു ഉദ്ഘാടന ചടങ്ങ് .
|
എം എഫ് സി യുടെ പ്രധാന പരിശീലകനായി ചുമതലയേറ്റ മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരവും ഐ എസ് എല്‍ ടീം ചെന്നൈ എഫ് സിയുടെ മുന്‍ പരിശീലകനുമായിരുന്ന ജോണ്‍ ഗ്രിഗറി നേരത്തെ ഇംഗ്ലണ്ടില്‍ നിന്നും ഇവിടെ എത്തിയിട്ടുണ്ട് . മലപ്പുറം ഫുട്‌ബോള്‍ ക്ലബിന്റെ പ്രമോട്ടര്‍മാരായ അജ്മല്‍ ബിസ്മി, ആഷിക് കൈനിക്കര, ബേബി നീലാബ്ര, എ.പി ഷംസുദ്ദീന്‍, ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട് , ജംഷിദ് പി. ലില്ലി, ലത്തീഫ് കൈനിക്കര എന്നിവരുടെ നേതൃത്വത്തി ലാണ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുന്നത് .
കേരള ഫുട്‌ബോളിന്റെ മക്കയായ മലപ്പുറത്തിന് പുതിയ ഫുട്ബാള്‍ വസന്തം സമ്മാനിക്കുകയാണ് എം എഫ് എസിയുടെ ലക്ഷ്യം. ബ്രിട്ടീഷ് കാലഘട്ടം മുതല്‍ സമ്പന്നമായ ഫുട്ബാള്‍ പാരമ്പര്യമുള്ള മണ്ണാണിത്. ദേശീയ, സംസ്ഥാന ടീമുകളെ പ്രതിനിധീകരിച്ച മലപ്പുറത്തിന്റെ മക്കള്‍ നിരവധിയാണ്. നമ്മുടെ ഫുട്‌ബോള്‍ സംസ്‌കാരത്തെ അന്തര്‍ദേശീയ തലത്തിലേക്ക് വളര്‍ത്തുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ എം എഫ് സി പ്രതിജ്ഞാബദ്ധമാണ്.
കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തുന്ന സൂപ്പര്‍ ലീഗ് കേരളയില്‍ (എസ്എല്‍ കെ) മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കുന്ന മലപ്പുറം ഫുട്‌ബോള്‍ ക്ലബ് (എംഎഫ്‌സി) അംഗങ്ങളും കൂടി ഉള്‍പ്പെട്ട സൂപ്പര്‍ലീഗ് ടീം വയനാട് ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ധനസമാഹരണാര്‍ഥം ആഗസ്റ്റ് 30നു പയ്യനാട് സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത മുഹമ്മദന്‍സ് ക്ലബ്ബുമായി പ്രദര്‍ശന മത്സരം നടത്തുന്നതാണ്. മലപ്പുറത്തിന്റെ മുഹമ്മദ് അനസ് ഉള്‍പ്പെടെ വന്‍ താരനിര അണിനിരക്കുന്ന മത്സരത്തിന്റെ വരുമാനം മുഴുവന്‍ ചൂരല്‍ മല ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നീക്കിവയ്ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.


