മൂന്ന് മാസമായി ശമ്പളം ഇല്ല; തിരുവോണനാളില്‍ ഉപവാസം നടത്തി മാധ്യമം ജീവനക്കാര്‍
|
കോഴിക്കോട്: മൂന്ന് മാസമായി ശമ്പളം മുടങ്ങിയതിനെത്തുടര്‍ന്ന് തിരുവോണ ദിവസമായ ഇന്ന് മാധ്യമം പത്രത്തിലെ ജീവനക്കാര്‍ ഉപവാസസമരം നടത്തി. സമരം ഒഴിവാക്കാന്‍ ജീവനക്കാരുടെ സംഘടനകള്‍ പരമാവധി ശ്രമിച്ചിട്ടും പരാജയപ്പെട്ട സാഹചര്യത്തിലാണ് കോഴിക്കോട് വെള്ളിമാട്കുന്നിലെ മാധ്യമം ആസ്ഥാനത്തിന് മുന്നില്‍ സമരം നടത്തിയതെന്ന് മാധ്യമം എംപ്ലോയിസ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
ജീവനക്കാര്‍ക്ക് ജൂണ്‍, ജുലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളം കിട്ടുവാനുണ്ട്. സ്ഥാപനത്തില്‍ ബോണസ് നിലച്ചിട്ട് വര്‍ഷങ്ങളായി. കോവിഡ് കാലത്ത് പിടിച്ച ശമ്പളവും ലഭിച്ചില്ല. വിവരമെല്ലാം മാനേജ്‌മെന്റിനെ ധരിപ്പിച്ചുവെങ്കിലും അനുകൂലനടപടികളൊന്നും ഉണ്ടായില്ല. ഒടുവിലത്തെ ചര്‍ച്ചയില്‍ രണ്ടു മാസത്തെ ശമ്പളമെങ്കിലും ഓണത്തിനു മുന്‍പ് നല്‍കിയാല്‍ സമരം ഒഴിവാക്കാമെന്ന തൊഴിലാളികളുടെ നിര്‍ദ്ദേശം മാനേജ്‌മെന്റ് തള്ളിയതോടെയാണ് സമരത്തിന് നിര്‍ബന്ധിതരായതെന്ന് ജീവനക്കാര്‍ പറയുന്നു. രാവിലെ 10ന് തുടങ്ങിയ സമരം വൈകീട്ട് നാലിന് അവസാനിച്ചു.
പരിഹാരമില്ലെങ്കില്‍ സെപ്റ്റംബര്‍ രണ്ടാം വാരം പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമെന്ന് കോഓര്‍ഡിനേഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
അതേസമയം, മാധ്യമം പത്രം നിയന്ത്രിക്കുന്ന ജമാഅത്തെ ഇസ്ലാമി സ്വന്തമായി രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതോടെയാണ് മാധ്യമത്തിന്റെ ‘ശനികാലം’ തുടങ്ങിയതെന്നും അധികം വൈകാതെ ആരുടെയും കത്തും കമ്പിയുമില്ലാതെ തന്നെ ‘മാധ്യമം’ പൂട്ടേണ്ടി വന്നാലും ആരും അല്‍ഭുതപ്പെടേണ്ടതില്ലെന്നും സമരത്തിന്റെ ചിത്രം പങ്കുവച്ച് കെ.ടി ജലീല്‍ എം.എല്‍.എ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





