21
Apr 2024
Thu
21 Apr 2024 Thu

റയലിന് മുന്നില്‍ കീഴടങ്ങി പെപിന്റെ സിറ്റി; സെമിയില്‍ എതിരാളി ബയേണ്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കരുത്തര്‍ തമ്മില്‍ മാറ്റുരച്ച ക്വാര്‍ട്ടര്‍ഫൈനല്‍ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ലാലിഗ വമ്പന്‍മാരായ റയല്‍ മഡ്രിഡ്.

ആദ്യപാദ മത്സരത്തില്‍ മൂന്ന് വീതം ഗോളുകള്‍ അടിച്ച് സമനിലയിലായിരുന്നു മത്സരം. ഇതോടെ ഇന്ന് പുലര്‍ച്ചെ നടന്ന മത്സര വിജയികള്‍ സെമിയില്‍ എത്തുമെന്ന നിലയിലായിരുന്നു. നിശ്ചിത സമയത്തും എക്‌സ്ട്രാ സമയത്തും ഓരോ ഗോളുകള്‍ വീതമടിച്ച് പിരിഞ്ഞതോടെ മൊത്തം സ്‌കോര്‍ 4- 4 എന്ന നിലയിലായി. ഇതോടെയാണ് കളി പെനാല്‍റ്റിയിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ 4- 3നാണ് റയല്‍ കളി ജയിച്ചത്.

12ാം മിനിറ്റില്‍ റോഡ്രിഗോയാണ് റയലിനായി ആദ്യ ഗോള്‍ നേടിയത്. വിനീഷ്യസ് നല്‍കിയ പാസ് റോഡ്രിഗോ വലയിലേക്ക് ചലിപ്പിച്ചെങ്കിലും മാഞ്ചസ്റ്റര്‍ ഗോള്‍ക്കീപ്പര്‍ എഡേഴ്‌സണ്‍ തടഞ്ഞിട്ടു. റീബൗണ്ടില്‍ റോഡ്രിഗോ പന്ത് വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിലെ 76ാം മിനിറ്റിലാണ് പിന്നീട് സിറ്റിയുടെ തിരിച്ചടിയുണ്ടായത്. ഡോകു നല്‍കിയ അസിസ്റ്റില്‍ ഡി ബ്രുയിന്‍ മത്സരം സമനിലയിലെത്തിച്ചു.

പെനാല്‍റ്റിയില്‍ യലിനുവേണ്ടി ബെല്ലിങ്ഹാം, വാസ്‌കസ്, നാചോ, റുദിഗര്‍ എന്നിവര്‍ കിക്ക് വലയിലെത്തിച്ചു. ആദ്യ കിക്കെടുത്ത മോഡ്രിച്ചിന്റെ ഷോട്ട് എഡേഴ്‌സണ്‍ പ്രതിരോധിച്ചു. സിറ്റിക്കുവേണ്ടി ജൂലിയന്‍ അല്‍വാരസ്, ഫോഡന്‍, എഡേഴ്‌സണ്‍ എന്നിവര്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍, രണ്ടാം കിക്കെടുത്ത ബെര്‍ണാഡോയുടെയും മൂന്നാം കിക്കെടുത്ത കൊവചിചിന്റെയും കിക്കുകള്‍ ലുനിന്‍ തടഞ്ഞു.

ഇന്ന് പുലര്‍ച്ചെ നടന്ന മറ്റൊരു മത്സരത്തില്‍ ആഴ്‌സണലിനെ പരാജയപ്പെടുത്തി ബയേണ്‍ മ്യൂണിച്ചും സെമിയില്‍ കടന്നു. ബയേണ്‍ ആണ് സെമിയില്‍ റയലിന്റെ എതിരാളി. രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒരു ഗോളിന്റെ ജയത്തോടെയാണ് ബയേണ്‍ സെമി ഉറപ്പിച്ചത്. ആഴ്‌സണലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദത്തില്‍ 2- 2 എന്ന സ്‌കോറിലായിരുന്നു കളി അവസാനിച്ചത്. കിമ്മിച്ചിന്റെ ഗോളിലൂടെ അഗ്രിഗേറ്റ് സ്‌കോറില്‍ ബയേണ്‍ 3- 2 എന്ന നിലയില്‍ മുന്നിലെത്തി.

Madrid defeat Manchester city and enter semi