ദുബൈ: ദുബൈ എയർപോർട്ട് ഫ്രീസോണിൽ (ഡിഎഎഫ്ഇസഡ്) സപ്ലൈ ചെയിൻ ഓഫിസ് തുറന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ഡിഎഎഫ്ഇസഡ് ഡയറക്ടർ അംന ലൂത്ത ഓഫിസ് ഉദ്ഘാടനം ചെയ്തു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ പി അബ്ദുൾസലാം, ഇന്റർനാഷണൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് എന്നിവരുൾപ്പെടെ ഒട്ടേറെ പ്രമുഖർ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു.
|
6000 ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്ന പുതിയ ഓഫിസ് ജൂവലറിയുടെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ നിർണായകപങ്ക് വഹിക്കും. കൂടാതെ ലോജിസ്റ്റിക്സ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും വിതരണശൃംഖലയുടെ ശേഷി വർധിപ്പിക്കാനും സഹായിക്കും.
80 അംഗ മാനേജ്മെന്റ് ടീം അംഗങ്ങളാണ് പുതിയ ഓഫിസിലുണ്ടാവുക. ബ്രാൻഡിന്റെ ഡിസൈനുകൾക്ക് ഊന്നൽ നൽകുന്നതിന് അത്യാധുനിക ഡിസൈൻ സ്റ്റുഡിയോ ഉൾക്കൊള്ളുന്ന പ്രൊഡക്ട് ഡെവലപ്മെന്റ് സെന്ററും ഓഫിസിലുണ്ടാകും. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, മികച്ച സംവിധാനങ്ങൾ എന്നിവയുമായി 2020 മുതൽ ഫ്രീസോണിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ടെന്ന് എം പി അഹമ്മദ് പറഞ്ഞു.


