20
Aug 2024
Wed
20 Aug 2024 Wed
Malappuram FC launching tomorrow

മലപ്പുറം: സൂപ്പർ ലീ​ഗ് കേരളയിലെ മലപ്പുറത്തിന്റെ സ്വന്തം ക്ലബായ മലപ്പുറം ഫുട്ബോൾ ക്ലബിന്റെ ലോഞ്ചിങ് നാളെ മലപ്പുറം എം എസ് പി ​ഗ്രൗണ്ടിൽ നടക്കും. വ്യാഴം വൈകിട്ട് 4ന് പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പത്മശ്രീ എം എ യുസുഫ് അലി ക്ലബ് ഉദ്ഘാടനം ചെയ്യും. കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ മുഖ്യ പ്രഭാഷണം നടത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ അധ്യക്ഷത വഹിക്കും. മലപ്പുറം എഫ്സിയുടെ ചീഫ് പേട്രണായി എം എ യൂസഫ് അലിയെ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കും. മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി എം എ യുസുഫലിയുടെ പേരിലുള്ള ടീമിന്റെ ജേഴ്സി കൈമാറി മലപ്പുറം എഫ് സിയുടെ ജേഴ്സി ഔദ്യോ​ഗികമായി പുറത്തിറക്കും.
മലപ്പുറം എഫ്.സിയുടെ പരിശിലനത്തിനും മറ്റും നിർലോഭമായ സഹായ സഹകരണങ്ങൾ നൽകി കൊണ്ടിരിക്കുന്ന കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലർ പ്രഫ. പി രവിന്ദ്രനെ ചടങ്ങിൽ എം എ യുസഫ് അലി ആദരിക്കും.

എംപിമാർ, എംഎൽഎമാർ, ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാർ, നഗരസഭാ അധ്യക്ഷന്മാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കായിക താരങ്ങൾ എന്നിവർ പങ്കെടുക്കും. മലപ്പുറത്തിന്റെ സ്വന്തം ക്ലബ് എന്ന നിലയ്ക്കാണ് മലപ്പുറം എഫ് സിയുടെ ഉടമകൾ ടീമിനെ അവതരിപ്പിക്കുന്നത്. ക്ലബിന് സെലിബ്രിറ്റി മുഖങ്ങൾ ഒന്നും ബ്രാൻഡ് അംബാസിഡർ മാരായി ഇല്ല പകരം മലപ്പുറത്തെ ഓരോ ഫുട്ബോൾ പ്രേമിയുമാകും ടീമിന്റെ മുഖമെന്ന് ക്ലബ് പ്രമോട്ടേഴ്സ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആഗസ്റ്റ് മാസം തുടക്കം മുതൽ തന്നെ ടീം കോഴിക്കോട് സർവകലാശാല സ്റ്റേഡിയം കേന്ദ്രീകരിച്ച് പരിശീലനം ആരംഭിച്ചിട്ടുണ്ട്.

ടീം മികച്ച രീതിയിൽ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി വരികയാണെന്നും ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുമെന്നാണ് കരുതുന്നതെന്നും ടീം പ്രമോട്ടേഴ്സ് പറഞ്ഞു. ഉദ്ഘാടന ചടങ്ങിനെ തുടർന്ന് ഡബ്സി ‍ നയിക്കുന്ന സംഗിത വിരുന്നും പരിപാടിയുടെ മുന്നോടിയായി പ്രശ്സ്ത വയലിനിസ്റ്റ് ഷെഫിൻ പരിത്’ഒരുക്കുന്ന ഫ്യൂഷനും അരങ്ങേറും. വയനാടിന് കൈത്താങ്ങായി ഒരു കോടി രൂപ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വെള്ളിയാഴ്ച മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ സൂപ്പർ കേരള ഇലവനും മു​ഹമ്മദൻസ് സ്പോർട്ടിങ്ങുമായി ചാരിറ്റി മത്സരം സംഘടിപ്പിക്കുന്നുണ്ട്. വൈകിട്ട് 7.30നാണ് മത്സരം.

മന്ത്രി വി അബ്ദുറഹിമാനും, കെ എഫ് എ അധ്യക്ഷനും അടക്കമുള്ളവർ ടിക്കറ്റെടുത്ത് കളി വീക്ഷിച്ച് വയനാടിന് പിന്തുണയുമായി എത്തുന്നുണ്ട്. ടൂർണമെന്റിന്റെ ഭാ​ഗമായി മലപ്പുറം എഫ് സിയും, പയ്യനാട് ഹോം ​ഗ്രൗണ്ടായുള്ള തൃശൂർ ടീമും ചേർന്ന് സ്റ്റേഡിയം നവീകരണത്തിനും പദ്ധതിയുണ്ട്. പത്രസമ്മേളനത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി പി അനിൽ കുമാർ, ക്ലബ്ബ് പ്രമോട്ടേഴ്സ് ആയ ആഷിഖ് കൈനിക്കര, എ പി ഷംസുദ്ദീൻ, ജംഷീദ് പി ലില്ലി, ഡോ . അൻവർ അമീൻ ചേലാട്ട് എന്നിവർ പങ്കെടുത്തു.