29
Jul 2024
Sun
29 Jul 2024 Sun

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മരിച്ച മൂന്ന് വിദ്യാർത്ഥികളിൽ ഒരാള് മലയാളി. എറണാകുളം സ്വദേശി നവീൻ ഡാർവിൻ (28) ആണ് മരിച്ച മലയാളി. തനിയാ സോണി (25), ശ്രയ യാദവ് (25) എന്നിവരാണ് മരിച്ച മറ്റ് രണ്ട് വിദ്യാർഥികൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തിൽ സിവിൽ സര്‍വീസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് വിദ്യാർഥികൾ മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ വിദ്യാർഥികളുടെ പ്രതിഷേധം നടക്കുകയാണ്. അക്കാദമിക്ക് മുൻപിലാണ് പ്രതിഷേധം നടക്കുന്നത്.

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. അഗ്‌നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകളും ദേശീയ ദുരന്ത പ്രതികരണ സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്മെന്റിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. ഡല്‍ഹിയില്‍ കനത്ത മഴയാണ് പെയ്യുന്നത്. ബേസ്‌മെന്റില്‍ 7 അടിയോളം ഉയരത്തില്‍ വെള്ളം കയറിയിരുന്നു.

അതേസമയം സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു.

വെസ്റ്റ് ഡല്‍ഹിയില്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഒരു യുപിഎസ്‌സി വിദ്യാര്‍ത്ഥി വെള്ളം കയറിയ റോഡ് കടക്കുന്നതിനിടയില്‍ ഷോക്കേറ്റു മരിച്ചിരുന്നു. ഓടകള്‍ കൃത്യമായി വൃത്തിയാക്കാത്തതാണ് ദുരന്തത്തിന് കാരണമെന്ന് ബിജെപി എംപി ബാന്‍സുരി സ്വരാജ് ആരോപിച്ചു.

Malayali among Dead students After Flooding In Delhi Coaching Centre Basement