ഒറ്റ ട്രാക്കിലൂടെ ലോകമാകെ ട്രെന്‍ഡിങായി ഒരു മലയാളി റാപ്പര്‍. ഹനുമാന്‍കൈന്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന സുരജ് ചെറുകാട്ട് ആണ് അറിയപ്പെടുന്ന റാപ്പര്‍മാര്‍ വരെ ഏറ്റെടുത്ത ആ താരം.(Malayali Rapper Hanumankind Big Dawgs super hit) പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ പ്രൊജക്ട് റാറ്റ് ഉള്‍പ്പടെയുള്ള സെലിബ്രിറ്റികാളാണ് സൂരജിന്റെ ഏറ്റവും പുതിയ ട്രാക്ക് ‘ബിഗ് ഡോഗ്‌സ്’ പങ്കുവച്ചത്.
|
മരണക്കിണറില്‍ ഓടുന്ന ബൈക്കിലും കാറിലും ഇരുന്ന് ഹനുമാന്‍കൈന്‍ഡ് അവതരിപ്പിച്ച റാപ് സോങ് ഇതിനോടകം രണ്ടു കോടിയിലേറെ പ്രേക്ഷകര്‍ കണ്ടു കഴിഞ്ഞു. ലോകം ചര്‍ച്ച ചെയ്യുന്ന ഈ മ്യൂസിക് വിഡിയോ ചിത്രീകരിച്ചത് പൊന്നാനിയിലാണ്. അണിയറയില്‍ ഭൂരിഭാഗവും മലയാളികളും.
ജൂലൈ 10നാണ് ‘ബിഗ് ഡോഗ്‌സ്’ എന്ന ട്രാക്ക് യുട്യൂബില്‍ റിലീസ് ചെയ്തത്. അധികം വൈകാതെ ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടി. ഓരോ ദിവസവും പുതിയ ഉയരങ്ങളിലേക്കാണ് ബിഗ് ഡോഗ്‌സിന്റെ കുതിപ്പ്. പല രാജ്യങ്ങളില്‍ നിന്നുള്ള സംഗീതപ്രേമികള്‍ അവരുടെ ഇഷ്ടം കമന്റുകളായി വിഡിയോയ്ക്കു താഴെ പോസ്റ്റ് ചെയ്യുന്നുമുണ്ട്.
ആരാണ് ഹനുമാന്‍കൈന്‍ഡ്
അമേരിക്കന്‍സ് സ്വന്തം കസിന്‍ എന്നു വിശേഷിപ്പിക്കുന്ന ഹനുമാന്‍കൈന്‍ഡ് എന്ന റാപ്പര്‍ ജന്മം കൊണ്ടു മലയാളി ആണെങ്കിലും പഠിച്ചതും വളര്‍ന്നതും പല രാജ്യങ്ങളിലാണ്. അമേരിക്കന്‍ ആക്‌സന്റില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന സൂരജ്, മലയാളം പറയാന്‍ തുടങ്ങിയാല്‍ തനി മലപ്പുറത്തുകാരനാവും.
പിതാവിന് ഓയില്‍ മേഖലയിലായിരുന്നു ജോലി. ജോലിയുടെ ഭാഗമായി നൈജീരിയ, സൗദി അറേബ്യ, ഇറ്റലി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ സഞ്ചരിച്ച സൂരജിന്റെ കുടുംബം കൂടുതല്‍ കാലം ചെലവഴിച്ചത് അമേരിക്കയിലെ ഹൂസ്റ്റണിലായിരുന്നു.
റാപ് സംഗീതത്തില്‍ പുതിയ തരംഗമായി മുംബൈ ചേരിയിലെ ഹിജാബ് ധാരി
കളരി എന്ന ട്രാക്കാണ് ആദ്യമായി ഹനുമാന്‍കൈന്‍ഡ് പുറത്തിറക്കിയ ആല്‍ബം. അതു വളരെ പെട്ടെന്ന് ഹിറ്റായി. മലയാളി റാപ്പര്‍മാര്‍ക്കൊപ്പം സഹകരിച്ച് നിര്‍മിച്ച ട്രാക്കുകളും സൂപ്പര്‍ഹിറ്റുകളായിരുന്നു. ബീര്‍ ആന്റ് ബിരിയാണി, ജെങ്കിസ്, ഡാംസണ്‍, റഷ് അവര്‍, ഗോ ടു സ്ലീപ് തുടങ്ങിയ ട്രാക്കുകളും റാപ് പ്രേമികള്‍ക്കിടയില്‍ തരംഗമായി. റെക്കോര്‍ഡഡ് ട്രാക്കുകളേക്കാള്‍ ആരാധകര്‍ ഏറ്റെടുത്തത് ഹനുമാന്‍കൈന്‍ഡിന്റെ ലൈവ് പെര്‍ഫോമന്‍സുകള്‍ക്കായിരുന്നു.

ഇതുവരെ ചെയ്ത ട്രാക്കുകളില്‍ ഏറ്റവും വേഗത്തില്‍ എഴുതിയത് ‘ബിഗ് ഡോഗ്‌സ്’ ആണെന്ന് ഹനുമാന്‍കൈന്‍ഡ് പറയുന്നു. വെറും 20 മിനിറ്റു കൊണ്ടാണ് ഇത് എഴുതി തീര്‍ത്തത്. 20 മിനിറ്റില്‍ റെക്കോര്‍ഡിങ്ങും പൂര്‍ത്തിയാക്കി. ഹനുമാന്‍കൈന്‍ഡിന്റെ സുഹൃത്ത് ബിജോയ് ഷെട്ടിയാണ് സംവിധാനം. അഭിനയ് പണ്ഡിറ്റിന്റെ ക്യാമറ വര്‍ക്ക് ഗംഭീരമാണ്.
ഏകദേശം നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ റാപ്പര്‍ ഹനുമാന്‍കൈന്‍ഡിനൊപ്പം മരണക്കിണറില്‍ സ്റ്റണ്ട് നടത്തുന്ന ആര്‍ട്ടിസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. സുല്‍ത്താന്‍ ഷെയ്ക്ക്, ഇന്ത്യയില്‍ മരണക്കിണറില്‍ വണ്ടിയോടിക്കുന്ന അപൂര്‍വം സ്ത്രീകളിലൊരാളായ കഷീഷ് ഷെയ്ക്ക്, മൂര്‍ സലീം, മുഹമ്മദ് ഷദാബ് അന്‍സാരി എന്നിവരാണ് സ്റ്റണ്ട് നടത്തുന്ന താരങ്ങള്‍.
സര്‍ക്കസ് തമ്പിലെ പാട്ട്
കൊച്ചു പട്ടണങ്ങളിലും ഗ്രാമങ്ങളിലും പതിവായി കാണാറുള്ള ചെറിയ സര്‍ക്കസ് തമ്പിലാണ് ഹനുമാന്‍കൈന്‍ഡിന്റെ പാട്ട് സംഭവിക്കുന്നത്. യഥാര്‍ഥത്തില്‍ മരണക്കിണറില്‍ സ്റ്റണ്ട് ചെയ്യുന്ന ആര്‍ടിസ്റ്റുകളാണ് ഹനുമാന്‍കൈന്‍ഡിനൊപ്പം വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
മലയാള ചലച്ചിത്രപിന്നണിഗാനരംഗത്തും അരങ്ങേറ്റം നടത്തിക്കഴിഞ്ഞു ഹനുമാന്‍കൈന്‍ഡ്. ഫഹദ് ഫാസില്‍ അഴിഞ്ഞാടിയ ആവേശത്തിന്റെ ട്രാക്കുകളിലൊന്ന് സുഷിന്‍ ശ്യാമിനൊപ്പം ഒരുക്കിയത് ഹനുമാന്‍കൈന്‍ഡ് ആയിരുന്നു. ‘ദ ലാസ്റ്റ് ഡാന്‍സ്’ എന്ന ട്രാക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബില്‍ അഭിനേതാവായും അരങ്ങേറുകയാണ് ഹനുമാന്‍കൈന്‍ഡ്.





