15
May 2024
Thu
15 May 2024 Thu
Saniya MQ

മുംബൈ: മുംബൈയിലെ ചേരിയില്‍ നിന്നുള്ള ഹിജാബ് ധാരിയായ ഈ പെണ്‍കുട്ടി ഇപ്പോള്‍ റാപ്‌സംഗീതത്തില്‍ തരംഗം തീര്‍ക്കുകയാണ്. രാഷ്ട്രീയം, ലിംഗസമത്വം, സാമൂഹിക പക്ഷപാതം, അഴിമതി, ദാരിദ്ര്യം എന്നിവയെ ചുറ്റിപ്പറ്റിയുള്ളതാണ് സാനിയ കൈമുദ്ദീന്‍ മിസ്ത്രി(സാനിയ എം.ക്യു)യുടെ ഓരോ റാപ്പ് ഗാനവും. മുംബൈ ഗോവണ്ടി ഏരിയയിലെ ശിവാജി നഗറിലുള്ള ദാരിദ്ര്യം നിറഞ്ഞ തെരുവില്‍ നിന്ന് ഇപ്പോള്‍ അവളുടെ ശബ്ദം ഉറക്കെ കേട്ടു തുടങ്ങിയിരിക്കുന്നു. (‘I am not a hijab girl, I am a rapper,’ says Saniya )

തോരാതെ പെയ്യുന്ന മഴയില്‍ വീടകം നനഞ്ഞ് കുതിരുമ്പോഴും സാനിയ പാട്ട് മൂളിക്കൊണ്ടിരിക്കും. വീട്ടില്‍ സാനിയക്ക് കൂട്ടായി 13 വയസുള്ള സഹോദരനുമുണ്ട്. ഈ 17കാരി ഇന്ത്യന്‍ ഹിപ് ഹോപ് സംഗീതത്തില്‍ തന്റേതായ മുദ്ര പതിപ്പിച്ചത് വളരെ പെട്ടെന്നാണ്.

ആദ്യഘട്ടങ്ങളില്‍ പാട്ടെഴുതുമ്പോള്‍ വാക്കുകള്‍ എങ്ങനെ കൃത്യമായി ഉപയോഗിക്കണമെന്ന് സാനിയക്ക് അറിയുമായിരുന്നില്ല. 2016 മുതല്‍ റാപുകള്‍ യൂട്യൂബിലൂടെ അപ്ലോഡ് ചെയ്തു തുടങ്ങി. ആദ്യം ഓഡിയോ മാത്രമാണ് ചെയ്തിരുന്നത്. പിന്നീട് പാട്ട് കേള്‍ക്കുന്നവരോടൊപ്പം തന്നെ പാടുന്നവരെ കാണാനും ഇഷ്ടപ്പെടുന്നവരാണ് റാപ്പ് ആരാധകര്‍ എന്ന സഹ റാപ്പര്‍മാരുടെ ഉപദേശത്തെ തുടര്‍ന്നാണ് വീഡിയോ ഉള്‍പ്പെടുത്തി തുടങ്ങിയത്.
saniya mumbai rapper

സരൂരി നഹി എന്ന റാപ് ആണ് ഈ പെണ്‍കുട്ടിയുടെ സംഗീത ജീവിതത്തില്‍ വഴിത്തിരിവായത്. റാപ്പ് സംഗീതത്തില്‍ സ്ത്രീ ശബ്ദങ്ങളുടെ ഉപയോഗിക്കാത്ത സാധ്യതകള്‍ കൂടി ആസ്വാദകര്‍ക്ക് കാണിച്ചുതന്നതാണ് സരൂരി നഹി. ഇന്ത്യയിലുടനീളം സരൂരിക്ക് ആരാധകരുണ്ട്.

13ാം വയസിലാണ് സാനിയ ഡയറിയില്‍ പാട്ടിന്റെ ശകലങ്ങള്‍ കുറിച്ചുവെക്കാന്‍ തുടങ്ങിയത്. മുംബൈയിലെ ഗോവണ്ടിയിലേക്ക് കുടുംബം താമസം മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ അവള്‍ക്ക് അഞ്ച് വയസായിരുന്നു പ്രായം. ആദ്യമൊന്നും ആരും അവിടെ താമസിക്കാന്‍ അവരെ അനുവദിച്ചില്ല. കുട്ടിക്കാലത്ത് ഒരുപാട് ഏകാന്തത അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും സാനിയ പറയുന്നു. അതാകാം അവളിലെ കലാകാരിക്ക് ഇന്ധനം പകര്‍ന്നതും. അന്ന് അവളെ ഒറ്റപ്പെടുത്തിയ കുട്ടികളെല്ലാം ഇന്ന് സുഹൃത്തുക്കളായി മാറിയെന്നത് മറ്റൊരു കാര്യം.

സ്‌കൂളില്‍ പഠിക്കുമ്പോഴേ റാപ് സംഗീതം ഹരമായിരുന്നു സാനിയക്ക്. എന്നാല്‍ അത് അവള്‍ക്കു പറ്റുന്നതല്ലെന്ന് സുഹൃത്തുക്കള്‍ പറയും. ശരിയായി വസ്ത്രം ധരിക്കാന്‍ പോലും കഴിവില്ലെന്നാണ് ഒരു സുഹൃത്ത് പറഞ്ഞത്. അതിനെക്കുറിച്ച് കൂടി പറയുന്നതാണ് സിര്‍ഫിരി എന്ന ഗാനം. ജോ കഹ്‌തേ ഹേ ഡ്രസ്സിങ് സെന്‍സ് നഹീ, ദിക്തീ ഹം ബസ് വഹീ കാഫി ഹേ(എനിക്ക് ഡ്രസ് സെന്‍സ് ഇല്ലെന്ന പറയുന്നവര്‍ക്ക്, അത് തന്നെ ധാരാളമാണ് എന്ന് ഞാന്‍ കാണിച്ചു കൊടുത്തു) എന്ന വരികള്‍ അതിന് മറുപടിയാണ്. തന്റെ ഹിജാബ് വലിയ ചര്‍ച്ചയാക്കുന്നതിനോടും സാനിയക്ക് യോജിപ്പില്ല. ഹൂഡി ധരിച്ച റാപ്പറെ ഹുഡി റാപ്പര്‍ എന്ന് വിളിക്കുന്നില്ലെങ്കില്‍ തന്നെ എന്തിന് ഹിജാബി റാപ്പര്‍ എന്ന് വിളിക്കുന്നു എന്നാണ് സാനിയയുടെ ചോദ്യം.

കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഗോവണ്ടിയിലെ പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. ഇത്തരം വിവാഹങ്ങള്‍ സാനിയയുടെ മനസിനെ ഉലച്ചു. ആ നിസ്സഹായതയില്‍ നിന്നാണ് ചലോ ഠീക്ക് ഹേ(എല്ലാം ശരിയാവും) എന്ന ഗാനം ജനിച്ചത്. ലോക്ക് ഡൗണ്‍് അനുഭവവും, ശൈശവ വിവാഹം, ഗാര്‍ഹിക പീഢനം, പട്ടിണി ഒക്കെയായിരുന്നു അതിന്റെ വിഷയം.

ആയിടയ്ക്കാണ് ഒരു എന്‍.ജി.എ ശൈശവ വിവാഹത്തിനെതിരെ ഗോവണ്ടിയില്‍ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിക്കുകയും സാനിയ അതില്‍ പാടുകയും ചെയ്തത്. അവളുടെ ആദ്യത്തെ റാപ് ആയിരുന്നു അത്. മകള്‍ പാടുന്നുണ്ടെന്നറിഞ്ഞപ്പോള്‍ അവളുടെ ഉമ്മയും കാണികള്‍ക്കിടയില്‍ ഇരുന്നു. പാടിക്കഴിഞ്ഞ് സ്റ്റേജില്‍ നിന്നിറങ്ങിയപ്പോള്‍ ഉമ്മ വന്ന് കെട്ടിപ്പിടിച്ചു. അതായിരുന്നു സാനിയയുടെ പാട്ടിന് ലഭിച്ച ആദ്യത്തെ കൈയടി.

2022ല്‍ ഹുനര്‍ബാസ് എന്ന ടെലിവിഷന്‍ ഷോയിലും സാനിയ പങ്കെടുത്തു. പിന്തുണയുമായി ഉപ്പയും ഉണ്ടായിരുന്നു. ഓട്ടോ ഡ്രൈവറാണ് സാനിയയുടെ പിതാവ്.
റാപ് സംഗീതത്തില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ചാണ് ഈ മിടുക്കി തുടര്‍ പഠനം മുന്നോട്ട് കൊണ്ടുപോകുന്നത്. മാസ് മീഡിയയില്‍ ഡിഗ്രി ചെയ്യുകയാണ്. ഒരു എഴുത്തുകാരിയാകണമെന്നാണ് സാനിയയുടെ സ്വപ്നം. ഒപ്പം റാപ് സംഗീതവും മുന്നോട്ട് കൊണ്ടുപോകണം.