02
Sep 2023
Fri
02 Sep 2023 Fri

നുഹ് കലാപത്തില്‍ ബന്ധം ആരോപിച്ച് കോണ്‍ഗ്രസ് MLA മമ്മന്‍ ഖാനെ അറസ്റ്റ് ചെയ്തു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ആഗസ്റ്റില്‍ ഹരിയാനയിലെ നുഹില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തില്‍ ബന്ധം ആരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ മമ്മന്‍ ഖാനെ അറസ്റ്റ് ചെയ്തു. വിശ്വഹിന്ദു പരിഷത്ത് യാത്രയെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന തെളിവുകള്‍ ലഭിച്ചെന്ന് അവകാശപ്പെട്ടാണ് ബിജെപി ഭരണത്തിലുള്ള ഹരിയാനയിലെ പോലീസിന്റെ നടപടി. ഫിറോസ്പൂര്‍ ജിര്‍ക്കയിലെ എംഎല്‍എയാണ് മമ്മന്‍ ഖാന്‍.

അതേസമയം അറസ്റ്റ് തടയുന്നതിനായി എംഎല്‍എ പഞ്ചാബ്ഹരിയാന 12 ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി കേസില്‍ വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 19 ലേക്ക് മാറ്റിവച്ചു.

എന്നാല്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നേതാവിനെ പ്രതിയാക്കിയെന്ന് ഹരിയാന പോലീസ് കോടതിയെ അറിയിച്ചു. ഫോണ്‍ കോള്‍ രേഖകള്‍ ഉള്‍പ്പടെയുള്ള നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം മാമ്മനെ ഇന്ന്(15.09.2023) കോടതിയില്‍ ഹാജരാക്കും. നേരത്തെ, അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ എംഎല്‍എയെ നുഹ് പൊലീസ് രണ്ടുതവണ സമന്‍സ് അയച്ചിരുന്നു . എന്നാല്‍, വൈറല്‍ പനി കാരണം ചൂണ്ടിക്കാട്ടി മമ്മന്‍ ഹാജരായില്ല.

എഫ്‌ഐആറില്‍ പ്രതിയായി ഉള്‍പ്പെടുത്തിയ കാര്യം വ്യാഴാഴ്ചയായാണ് മമ്മന്‍ അറിഞ്ഞതെന്ന് എം.എല്‍.എയുടെ അഭിഭാഷകന്‍ പറഞ്ഞു.

ജൂലൈ 31നാണ് നുഹില്‍ വിഎച്ച്പി സംഘടിപ്പിച്ച യാത്ര അക്രമാസക്തമായത്. ആക്രമണത്തില്‍ ആറ് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.