കാസര്‍ക്കോട്: കാസര്‍ക്കോട് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വിവാഹവാഗ്ദാനം നല്‍കിയ ശേഷം അവളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പെരിയ പുല്ലൂര്‍ കൊടവലത്തെ കെ. ദേവനന്ദനെ (20) ആണ് അറസ്റ്റിലായത്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയല്‍ വകുപ്പായ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പിന്നീട് യുവാവ് വിവാഹവാഗ്ദാനത്തില്‍നിന്ന് പിന്‍വാങ്ങിയ വിഷമത്തില്‍ പെണ്‍കുട്ടി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് പ്രതിയെ വളപട്ടണം എസ്‌ഐ സി.എം. വിപിന്‍ അറസ്റ്റ് ചെയ്തത്. വളപട്ടണം പോലീസ് സ്റ്റേഷനില്‍ പരിധിയിലാണ് 17 കാരിയായ പെണ്‍കുട്ടി താമസിക്കുന്നത്.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിക്കൊപ്പം യുവാവ് കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു. സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോകുന്നു എന്നുപറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍നിന്നിറങ്ങിയത്. ലോഡ്ജില്‍നിന്ന് തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി വിവാഹത്തെക്കുറിച്ച് വീണ്ടും പറഞ്ഞപ്പോള്‍ തയ്യാറല്ലെന്ന് യുവാവ് അറിയിച്ചു. ഇതോടെയാണ് കുട്ടി വിഷം കഴിച്ചത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി ഇപ്പോള്‍.
|
Man arrested for abusing minor girl he met on Instagram by promising marriage


