
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റ് വാട്‌സാപ്പില്‍ പോസ്റ്റ് ചെയ്ത മതപണ്ഡിതന്‍ മംഗളൂരുവില്‍ അറസ്റ്റിലായി. 55 വയസ്സുള്ള സയ്യിദ് ഇബ്രാഹിം തങ്ങളാണ് അറസ്റ്റിലായത്. തീവ്രവാദപരമായ ഉള്ളടക്കങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് തടയാന്‍ അധികാരികള്‍ നടത്തുന്ന നിരീക്ഷണത്തിന്റെ ഭാഗമായാണ് ഈ അറസ്റ്റ്.
![]() |
|
കാടബ താലൂക്കിലെ രാമകുഞ്ച ഗ്രാമത്തിലെ ബീജത്താലി ഹൗസില്‍ താമസിക്കുന്ന തങ്ങളെ വ്യാഴാഴ്ച മംഗളൂരുവിലെ ഊര്‍വ സ്റ്റോഴ്‌സിന് സമീപത്തുനിന്നാണ് പോലീസ് പിടികൂടിയത്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്ക് തെളിവായി ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. പരാതിയെ തുടര്‍ന്നാണ് അറസ്റ്റെന്നാണ് അറിയുന്നത്.
നിരോധിത സംഘടനയെ ഓണ്‍ലൈനിലൂടെ പ്രോത്സാഹിപ്പിച്ചു എന്ന് ആരോപിച്ചുകൊണ്ട് യു.എ.പി.എ (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) പ്രകാരമാണ് മംഗളൂരു നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ കേസെടുത്തിരിക്കുന്നത്. പിഎഫ്‌ഐ നിരോധിത സംഘടനയാണെന്നും അതിനെ പിന്തുണയക്കുന്ന പോസ്റ്റിലൂടെ സമൂഹത്തില്‍ ഭീതി വിതയ്ക്കുകയാണ് ലക്ഷ്യമെന്നും പോലീസ് കമ്മീഷണര്‍ സുധീര്‍ കുമാര്‍ റെഡ്ഡി സിഎച്ച് പറഞ്ഞു.
ALSO READ: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരായ ഹരജി; ഡല്‍ഹി ഹൈക്കോടതി നാളെ വിധി പറയും
അറസ്റ്റിനുശേഷം, ഇബ്രാഹിം തങ്ങളെ ബംഗളൂരുവിലെ 49-ാമത് അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലും NIA കേസുകള്‍ക്കായുള്ള പ്രത്യേക കോടതിയിലും ഹാജരാക്കി. തുടരന്വേഷണത്തിനായി ഇദ്ദേഹത്തെ ഒക്ടോബര്‍ 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. നിയമലംഘനത്തിന്റെ വ്യാപ്തി നിര്‍ണ്ണയിക്കാന്‍ സമൂഹമാധ്യമ പോസ്റ്റുകള്‍ വിശദമായി പരിശോധിച്ചുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദേശീയ സുരക്ഷാ പ്രശ്നങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തവും ചൂണ്ടിക്കാട്ടി 2022-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് PFIയെ നിരോധിച്ചതാണ്. നിരോധിക്കപ്പെട്ട ഈ സംഘടനയെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും അധികാരികള്‍ നിരീക്ഷിക്കുന്നുണ്ട്.
നിരോധിത സംഘടനകളുമായി ബന്ധപ്പെട്ടതോ അവയെ പിന്തുണയ്ക്കുന്നതോ ആയ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്ന പൗരന്മാര്‍ക്കെതിരെ യു.എ.പി.എ പ്രകാരം കര്‍ശന നിയമനടപടി നേരിടേണ്ടിവരുമെന്ന് പ്രാദേശിക പോലീസ് മുന്നറിയിപ്പ് നല്‍കി.
Man arrested for posting in support of banned PFI on social media