26കാരിയെ ഭർതൃവീട്ടുകാർ തലവെട്ടിക്കൊന്നു. തെലങ്കാനയിലെ മഹബൂബ്നഗർ ജില്ലയിലെ കോയൽകൊണ്ട മണ്ഡലത്തിലെ ചിന്തൽ തണ്ടയിലാണ് സംഭവം. കത്രാവത്ത് സുനിതയാണ് കൊല്ലപ്പെട്ടത്. സുനിതയുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന കൃഷിഭൂമിയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് വിവരം. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച ശേഷം സുനിതയുടെ തലയറുക്കുകയായിരുന്നു.
|
പത്ത് വർഷം മുമ്പാണ് സുനിത ചിന്തൽ തണ്ട സ്വദേശിയായ കത്രാവത്ത് ബാലറാമിനെ വിവാഹം കഴിച്ചത്. ഇവർക്ക് റിഷിക, ശൈലജ എന്നീ രണ്ട് പെൺമക്കളുണ്ട്. ബാലറാമിന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായും ഇതിന്റെ പേരിൽ കുടുംബത്തിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നുമാണ് വിവരം.
ഏകദേശം ഒരു വർഷം മുമ്പ് ബാലറാമിന്റെ ജ്യേഷ്ഠന്മാരായ മാൻയ നായിക്കും പാണ്ഡു നായിക്കും ചേർന്ന് ഇയാളെ ഹൈദരാബാദിലേക്ക് കൊണ്ടുപോയിരുന്നു. തുടർന്ന് ഗ്രാമത്തിലെ മുതിർന്നവരുടെ മധ്യസ്ഥതയിൽ നടന്ന ഒത്തുതീർപ്പിന്റെ ഭാഗമായി ബാലറാമിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒന്നര ഏക്കർ കൃഷിഭൂമി സുനിതയുടെ പേരിൽ രജിസ്റ്റർ ചെയ്തതായാണ് വിവരം. സുനിതയുടെയും മക്കളുടെയും ഭാവി സുരക്ഷിതമാക്കാനായിരുന്നു ഈ തീരുമാനമെന്നാണ് റിപ്പോർട്ട്.
പിന്നീട് മക്കളോടൊപ്പം സ്വന്തം വീട്ടിലേക്ക് താമസം മാറിയ സുനിത അടുത്തിടെ ചിന്തൽ തണ്ടയിലേക്ക് തിരിച്ചെത്തിയിരുന്നു. കൃഷിഭൂമി സന്ദർശിക്കാനെത്തിയ സുനിതയെ മാൻയ നായിക് തടഞ്ഞുനിർത്തി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് പാണ്ഡു നായിക്, ഭാര്യ പാർവതി, മറ്റൊരു ബന്ധുവായ മണിക്യ നായിക് എന്നിവരും ചേർന്ന് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
സുനിതയുടെ പിതാവ് വല്യ നായിക് നൽകിയ പരാതിയിൽ മാൻയ നായിക്, പാണ്ഡു നായിക്, പാർവതി, മണിക്യ നായിക് എന്നിവർക്കെതിരെ കോയൽകൊണ്ട പൊലീസ് കൊലക്കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ALSO READ: കൊലപ്പെടുത്തിയ സുഹൃത്ത് പേടിസ്വപ്നങ്ങളിൽ വേട്ടയാടിയതോടെ പൊലീസിൽ കീഴടങ്ങി യുവാവ്
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





