11
Jan 2026
Mon
11 Jan 2026 Mon
man kills live in partner and burnt body

ലിവ് ഇന്‍ പാര്‍ട്ണറെ കൊന്ന് ഇരുമ്പുപെട്ടിയിലാക്കി കത്തിച്ചു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. 35കാരിയായ പ്രീതിയാണ് കൊല്ലപ്പെട്ടത്. പ്രീതിയെ കൊന്ന് ഇരുമ്പുപെട്ടിയിലടച്ച് കത്തിച്ച പ്രതി രാം സിങ് പരിഹാര്‍ ചാരം നദിയിലൊഴിക്കി തെളിവ് നശിപ്പിക്കുകയും ചെയ്തു. ഇയാളെ പോലീസ് പിടികൂടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുമ്പു രണ്ടുതവണ വിവാഹിതനായിട്ടുള്ള രാം സിങ് പരിഹാര്‍ ഏതാനും നാളുകളായി പ്രീതിക്കൊപ്പം താമസിച്ചുവരികയായിരുന്നു. പ്രീതി ഇതിനകം തന്നില്‍ നിന്ന് ലക്ഷക്കണക്കിനു രൂപ വാങ്ങിയിരുന്നുവെന്നും വീണ്ടും പണം ആവശ്യപ്പെട്ടുവെന്നും ഇതാണ് യുവതിയെ കൊല്ലാന്‍ കാരണമെന്നും രാം സിങ് പറഞ്ഞു.

പ്രീതിയുടെ മൃതദേഹം കത്തിക്കാന്‍ ഉപയോഗിച്ച് ഇരുമ്പുപെട്ടിയില്‍ ശേഷിച്ച യുവതിയുടെ മൃതദേഹത്തിന്റെ കത്തിത്തീരാത്ത അസ്ഥികളും മറ്റും തന്റെ രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് കൊണ്ടുപോവാന്‍ പ്രതി ശ്രമിച്ചതാണ് കൊലപാതകം പുറത്തറിയാന്‍ കാരണമായത്.ഇരുമ്പ് പെട്ടി കൊണ്ടുപോവാന്‍ രാം സിങ് ചരക്കുവാഹനം വിളിച്ചുവരുത്തിയിരുന്നു. രണ്ടാം ഭാര്യയില്‍ ജനിച്ച മകന്‍ നിതിനെ വിളിച്ചുവരുത്തിയായിരുന്നു പ്രതി പെട്ടി വാഹനത്തില്‍ കയറ്റിയത്.

ഈ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് പെട്ടിയിലും രാം സിങ്ങിന്റെയും നിതിന്റെയും പ്രവൃത്തിയിലും സംശയം തോന്നുകയായിരുന്നു. പെട്ടിയുമായി രാം സിങ്ങിന്റെ ഭാര്യാവീട്ടില്‍ എത്തിയ ശേഷം ഡ്രൈവര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഈ പെട്ടി തുറന്നുനോക്കിയപ്പോഴാണ് അസ്ഥിക്കഷ്ണങ്ങള്‍ കണ്ടത്. പോലീസ് തുടര്‍ന്ന് രാം സിങ് പരിഹാറിനെയും മകന്‍ നിതിനെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ രാം സിങ് കുറ്റസമ്മതം നടത്തുകയും ചെയ്തു.

ALSO READ: ബസിനുള്ളിൽ ലൈംഗിക അതിക്രമം ആരോപിച്ചു യുവതിയുടെ വീഡിയോ; പിന്നാലെ യുവാവ് ജീവനൊടുക്കി