21
May 2023
Wed
21 May 2023 Wed

ലണ്ടൻ: ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റിയെ നേരിടുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30 നാണ് മത്സരം. സെമി ഫൈനലിന്റെ ആദ്യ പാദ മത്സരം ഇരു ടീമുകളും ഒരു ഗോളുകൾ സമനിലയിൽ അവസാനിപ്പിച്ചിരുന്നു. അതിനാൽ തന്നെ, ഇസ്താംബൂളിൽ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് ഇന്നത്തെ മത്സരം ഇരുത്തി ടീമുകൾക്കും നിർണായകമാണ്. ആദ്യ മത്സരത്തിൽ റയലിനായി വിനീഷ്യസ് ജൂനിയറും സിറ്റിക്കായി കെവിൻ ഡി ബ്രൂയ്‌നെയും ഗോളുകൾ നേടിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചാമ്പ്യൻസ് ലീഗിൽ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത സിറ്റി, 2021ൽ ഫൈനലിലെത്തിയിരുന്നു. അന്ന് ചെൽസിയോട് തോറ്റു. സമീപകാലത്ത് മികച്ച പ്രകടനങ്ങളോടെ സിറ്റി തിളങ്ങുന്നുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗിൽ അത് പ്രതിഫലിപ്പിക്കാനാകുന്നില്ലെന്ന ആക്ഷേപത്തിന് മറുപടിനൽകുകയാണ് സിറ്റിയുടെ ലക്ഷ്യം.

എർലിങ് ഹാളണ്ടിലാണ് സിറ്റിയുടെ പ്രതീക്ഷയത്രയും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ഗോളടിച്ച് ചരിത്രനേട്ടത്തിലെത്തിയ താരത്തിന് അർധാവസരങ്ങളെ വലയിലെത്തിക്കാനുള്ള മികവുണ്ട്. ജാക് ഗ്രീലിഷ്, ഇൽക്കെ ഗുണ്ടോഗൻ, പ്ലെമേക്കർ കെവിൻ ഡിബ്രുയ്ൻ, ബെർനാർഡോ സിൽവ, റിയാദ് മെഹ്‌റിസ് എന്നിവരും ഏതുസമയവും എതിരാളികളെ വിറപ്പിക്കാനാകുന്നവരാണ്. ശക്തമായ മുന്നേറ്റ, മധ്യ, പ്രതിരോധ നിരയുണ്ടെന്നതും സിറ്റിയുടെ ആത്മവിശ്വാസമുയർത്തുന്നു.

എന്നാൽ, റയൽ മാഡ്രിഡ് കടലാസിലും കളിക്കളത്തിലും കരുത്തരാണ്. ലാലിഗയിൽ സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ചവെക്കുമെങ്കിലും ചാമ്പ്യൻസ് ലീഗിൽ അങ്ങിനെയല്ല. പൊസഷൻ ഫുട്‌ബോൾ കളിക്കുന്ന സിറ്റിക്കെതിരെ മാഡ്രിഡിന്റെ കൗണ്ടറുകൾ മൂർച്ചയുള്ളതാകുന്നത് കഴിഞ്ഞ മത്സരത്തിൽ കണ്ടതാണ്. പ്രത്യേകിച്ചും, വിങ്ങുകളിൽ തീപ്പൊരി നിറയ്ക്കുന്ന വിനീഷ്യസ് – റോഡ്രിഗോ എന്ന ബ്രസീലിയൻ യുവതാരങ്ങൾ കളിക്കളത്തിൽ ഇറങ്ങുമ്പോൾ. മുന്നേറ്റ നിറയെ നയിക്കാൻ കരിം ബെൻസേമയും ഇറങ്ങുമ്പോൾ മത്സരം മൂർച്ചയുള്ളതാകുന്നു. മധ്യനിരയിലെ എഞ്ചിൻ മോഡ്രിച്ച് ആകും കളിയുടെ താളം നിയന്ത്രിക്കുക. ബാറിന് കീഴിൽ തിബത് കൊർട്ടോ വിശ്വസ്ഥനാണ്.