21
Dec 2024
Mon
21 Dec 2024 Mon

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കഷ്ടകാലം തുടരുന്നു. മാഞ്ചസ്റ്ററിലെ ഇരുടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് സിറ്റിയെ യുനൈറ്റഡ് കീഴടക്കി. സ്വന്തം തട്ടകത്തില്‍ 88 മിനുറ്റ് വരെ പിടിച്ചുനിന്നനിന്ന സിറ്റിയെ 88, 89 മിനുറ്റുകളില്‍ ഗോളുകള്‍ യുനൈറ്റഡ് കളി തിരിച്ചടിച്ച് പിടിക്കുകയായിരുന്നു. ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസ്, അമാദ് ഡയലോ എന്നിവരാണ് യുനൈറ്റഡിനായി ഗോള്‍ നേടിയത്. ജോസ്‌കോ ഗ്വാര്‍ഡിയോള്‍ ആണ് സിറ്റിക്ക് വേണ്ടി ഗോള്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാവകാശം തുടങ്ങിയ മത്സരത്തിന്റെ 38ാം മിനുറ്റിലാണ് സിറ്റി മുന്നിലെത്തിയത്. ടീമിന് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്ന് അമാദ് ഡയലോയുടെ ശരീരത്തില്‍ തട്ടിത്തെറിച്ച പന്ത് ജോസ്‌കോ ഗ്വാര്‍ഡിയോള്‍ യുനൈറ്റഡ് വലയിലേക്ക് ഹെഡ് ചെയ്യുകയായിരുന്നു. ഗോള്‍ വീണെങ്കിലും കളിയിലേക്ക് സാവകാശമാണ് യുനൈറ്റഡ് തിരികെയെത്തിയത്. അവര്‍ക്കാകെ ലഭിച്ച നല്ലൊരു അവസരം 74 മത്തെ മിനുറ്റില്‍ മാത്രമാണ്.

ഹോയ്‌ലണ്ട് നീട്ടിനല്‍കിയ പന്തിനായി ഓടിക്കയറിയ ബ്രൂണോ ഫെര്‍ണാണ്ടസ് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ പന്ത് പുറത്തേക്കടിച്ച് പാഴാക്കുകയായിരുന്നു. പിന്നാലെ യുനൈറ്റഡ് കാത്തുനിന്ന നിമിഷമെത്തി. ന്യൂനസിന്റെ അലക്ഷ്യമായ പാസ് അവസരം കാത്തുനിന്ന അമാദ് തട്ടിയെടുത്ത് സിറ്റി ബോക്‌സിലേക്ക് ഓടിക്കയറി. അപകടം മനസ്സിലാക്കിയ ന്യൂനസ് അമാദിനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തു വീഴ്ത്തി. റഫറി യുനൈറ്റഡിന് അനുകൂലമായി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത ബ്രൂണോ, എഡേഴ്‌സണെ കീഴടക്കിയതോടെ മത്സരം സമനിലയില്‍. അടുത്ത മിനുറ്റില്‍ വീണ്ടും സിറ്റിയുടെ നെഞ്ച് തറച്ച് ഗോള്‍. ലിസാന്‍ട്രോ മാര്‍ട്ടിനസ് നീട്ടിനല്‍കിയ ലോങ് പാസ് സിറ്റി ബോക്‌സിലേക്ക് ഓടിക്കയറിയ അമാദ് അതിമനോഹരമായി പന്ത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

16 മത്സരങ്ങളില്‍ നിന്നും 23 പോയന്റുള്ള യുനൈറ്റഡ് 13ാം സ്ഥാനത്തും 27 പോയന്റുള്ള സിറ്റി അഞ്ചാം സ്ഥാനത്തുമാണ്. 15 മത്സരങ്ങളില്‍നിന്ന് 36 പോയിന്റോടെ ലിവര്‍പൂള്‍ ആണ് ഒന്നാംസ്ഥാനത്ത്.

EPL 2024: Manchester United win with two last-minute goals against city