മംഗളൂരു:മംഗളൂരുവിനടുത്ത തൊക്കോട്ടു മേല്‍പ്പാലത്തില്‍ ബൈക്ക് യാത്രികനെ അക്രമി സംഘം തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നു. ഉള്ളാള്‍ ഉച്ചിലക്കടുത്ത മുള്ളുഗുഡ്ഡെ നിവാസി ടാബ്ലെറ്റ് ആരിഫ് എന്ന ആരിഫ് ഹുസൈനാണ് (42)കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആരിഫ് തന്റെ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ മംഗളൂരുവിലേക്ക് മീന്‍ കച്ചവടത്തിനായി പോവുകയായിരുന്നു.
|
പാലത്തില്‍ കാര്‍ നിറുത്തി കാത്തിരുക്കുകയായിരുന്നു സംഘം. പുലര്‍ച്ചെ മൂന്നരയോടെ ആരിഫിന്റെ ബൈക്ക് ഫ്ലൈഓവറില്‍ തടഞ്ഞുനിര്‍ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് സംഭവസ്ഥലത്ത് തന്നെ കൊലപ്പെടുത്തി. തുടര്‍ന്ന് കാറില്‍ രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. 2022 മെയില്‍ ആരിഫ് കൊലപാതക ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.
ജോലിസ്ഥലത്തേക്ക് പോവുമ്പോള്‍ ബജാലിന് സമീപം ടോപ്പി നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കുദ്രോളി നിവാസിയായ ആരിഫ് ഏഴ് വര്‍ഷമായി അജ്ജിനട്കക്കടുത്തുള്ള മുള്ളുഗുഡ്ഡെയില്‍ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു.
ALSO READ: ഇറാന് ആണവനിലയങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം; കടുത്ത തിരിച്ചടിക്കൊരുങ്ങി ഇറാന്
ഭാര്യയും മൂന്ന് ആണ്മക്കളും ഒരു മകളുമുണ്ട്. ഡെപ്യൂട്ടി പോലീസ് കമീഷണര്‍ മിഥുന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. അക്രമികള്‍ ഉപയോഗിച്ചതായി കരുതുന്ന കാര്‍ വെള്ളിയാഴ്ച വൈകിട്ട് വിട്ടല്‍ല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ബുഡോളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
ബണ്ട്വാളിലെ ബുഡോളിയില്‍ സംശയാസ്പദ സാഹചര്യത്തില്‍ കാര്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വിട്ടല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പ്രകാശ് ദേവഡിഗയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വാഹനം പിടിച്ചെടുക്കുകയായിരുന്നു.



