കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടര്‍ ഇന്ത്യന്‍ പൗരനല്ലെന്ന് ആരോപിച്ച് വ്യാജ പരാതി ബിജെപി നേതാവിനെതിരെ നിയമ നടപടി. ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ടയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് കലക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു.
|
നിരവധി തവണ മണ്ഡലത്തില്‍ വോട്ട് ചെയ്ത വൈവളിക സ്വദേശി മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ബിജെപി നേതാവ് പരാതി നല്‍കിയിരുന്നത്. പരാതി തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നല്‍കിയതെന്ന് കണ്ടെത്തിയതായി കലക്ടര്‍ പറഞ്ഞു.
മഞ്ചേശ്വരം പൈവളിക സ്വദേശി മുഹമ്മദിന്റെ പേര് വോട്ടര്‍പട്ടികയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ട ഫോം7 പ്രകാരം പരാതി നല്‍കിയത്. മുഹമ്മദ് ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയായിരുന്നു പരാതി. മറ്റുള്ളവര്‍ സ്ഥിരമായി സ്ഥലം മാറിപ്പോയവരാണെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നത്. തുടര്‍ന്ന് നടത്തിയ ഹിയറിങ്ങില്‍ മുഹമ്മദ് ഹാജരായി.
എന്നാല്‍, ആരോപണം പിന്തുണയ്ക്കുന്ന ഒരു തെളിവും നല്‍കാനാകാത്ത സാഹചര്യത്തിലാണ് നടപടി. പരാതി നല്‍കിയ വ്യക്തിക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നാണ് കലക്ടറുടെ അറിയിപ്പ്. ഫോം7 പ്രകാരം എതിര്‍പ്പ് നല്‍കുന്നത് നിയമപരമായ അവകാശമാണെങ്കിലും വ്യാജവിവരങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മഞ്ചേശ്വരം എംഎല്‍എ എംകെഎം അഷറഫ് പരാതിക്കിരയായ വോട്ടര്‍മാരുമായി മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നിലെത്തിയിരുന്നു.
മഞ്ചേശ്വരത്തെ ബൂത്ത് നമ്പര്‍ 128 ല്‍ 90ഓളം വോട്ടുകള്‍ തള്ളിക്കാനുള്ള അപേക്ഷയുമായി ലോകേഷ് ഇആര്‍എയെ സമീപിച്ചിരുന്നു. എന്നാല്‍, അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കാന്‍ കഴിയില്ലെന്നും ഓണ്‍ലൈനില്‍ നല്‍കണമെന്നും ഇആര്‍ഒ ആവശ്യപ്പെട്ടു.
ഇങ്ങിനെ വോട്ട് തള്ളാന്‍ നല്‍കിയ ഏഴ് പേരുമായാണ് എംഎല്‍എ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. വര്‍ഷങ്ങളായി വോട്ട് ചെയ്യുന്ന മുഹമ്മദ് എന്ന വയോധികന്‍ ഇന്ത്യന്‍ പൗരനല്ല എന്ന് പറഞ്ഞാണ് പരാതി നല്‍കിയിരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. 73 വയസ്സ് കഴിഞ്ഞ നബീസയുടെ വോട്ടും തള്ളാന്‍ നല്‍കിയിട്ടുണ്ട്. നിരവധി തവണ മഞ്ചേശ്വരത്ത് ലോക്‌സഭയിലും നിയമസഭയിലും വോട്ട് ചെയ്തവരെ സ്ഥിരമായി സ്ഥലം മാറിപ്പോയവര്‍ എന്ന വിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്.
വോട്ട് തള്ളാന്‍ ആരെങ്കിലും അപേക്ഷ നല്‍കുകയും അതില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയും ചെയ്താല്‍ അപേക്ഷ നേരിട്ട് തള്ളിക്കളയണമെന്നാണ് നിയമം അതിന് പകരം ഇവരെ ഹിയറിങിന് വിളിച്ചത് ഉദ്യോഗസ്ഥ ലോബിയും ബിജെപിയും തമ്മിലുള്ള ഒത്തു കളിയുടെ തെളിവാണ്.
നിസാര കാരണങ്ങള്‍ പറഞ്ഞു വോട്ടുകള്‍ തള്ളുന്നതായും എംഎല്‍എ ആരോപിച്ചു. മണ്ഡലത്തിലെ 200ഓളം പ്രവാസികളുടെ വോട്ട് ചേര്‍ക്കാനുള്ള അപേക്ഷ തള്ളിയ കാര്യം അദ്ദേഹം സൂചിപ്പിച്ചു. അപേക്ഷയില്‍ വിസ മെന്‍ഷന്‍ ചെയ്തില്ലെന്ന് പറഞ്ഞാണ് തള്ളിയത്. എന്നാല്‍, അപേക്ഷ നല്‍കുമ്പോള്‍ ഇങ്ങിനെ വിസ മെന്‍ഷന്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ഇത്തരം കളികള്‍ക്കെതിരേ നിയമ നടപടിയുമായി മുന്നോട്ടു പോകും.





