01
Aug 2023
Tue
01 Aug 2023 Tue

ഡല്‍ഹി ബില്ലിനെ എതിര്‍ക്കാന്‍ 90 മത്തെ വയസ്സില്‍ അനാരോഗ്യം അവഗണിച്ചും മന്‍മോഹന്‍ സിങ് എത്തി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ എ.എ.പി ഭരിക്കുന്ന ഡല്‍ഹി സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ഡല്‍ഹി ബില്ലിനെ എതിര്‍ക്കാന്‍ 90 മത്തെ വയസ്സില്‍ അനാരോഗ്യം അവഗണിച്ചും മന്‍മോഹന്‍ സിങ് രാജ്യസഭയിലെത്തി. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളുടെ ‘ഇന്ത്യ’ മുന്നണിയുടെ നേതൃത്വത്തില്‍ ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഗുരുതര രോഗം അലട്ടുന്ന മുന്‍ പ്രധാനമന്ത്രി ഡോ. സിങ് വീല്‍ചെയറില്‍ സഭയിലെത്തിയത്. അനാരോഗ്യം മൂലം ദീര്‍ഘകാലമായി മന്‍മോഹന്‍ സഭ നടപടികളില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

വലിയ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു ലോക്‌സഭയില്‍ പാസായ ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി സര്‍വിസസ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. തിങ്കളാഴ്ച സുപ്രധാനമായ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വരുന്നതുകൊണ്ടു രാജ്യസഭയിലുണ്ടാകണമെന്ന് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ഒരാളും വീഴ്ചവരുത്തരുതെന്നും പാര്‍ട്ടിയുടെ നിലപാടിനെ പിന്തുണയ്ക്കണമെന്നും വിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അക്ഷരംപ്രതി പാലിച്ചാണ് അവശതകള്‍ക്കും ഗുരുതരരോഗങ്ങള്‍ക്കുമിടയില്‍ എല്ലാവരെയും ഞെട്ടിച്ച് മന്‍മോഹന്‍ സിങ് സഭയിലെത്തിയത്.

രാജ്യസഭയില്‍ മന്‍മോഹന്‍ സിങ് വീല്‍ചെയറിലിരിക്കുന്ന രംഗം സോഷ്യല്‍ മീഡിയയിസും വൈറലായിട്ടുണ്ട്. ശക്തനായ പ്രധാനമന്ത്രി മാത്രമല്ല, പാര്‍ലമെന്ററി ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വലിയ വിലനല്‍കുന്ന അര്‍പ്പണബോധവും അന്തസ്സുമുള്ള നേതാവുകൂടിയാണെന്നാണ് മന്‍മോഹന്‍ സിങ് തെളിയിച്ചിരിക്കുന്നതെന്നു ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ് കേരള ട്വീറ്റ് ചെയ്തു. പ്രായം 90 വയസായിട്ടും ഗുരുതരരോഗിയായിട്ടും വീല്‍ചെയറിലായിട്ടും ഡോ. മന്‍മോഹന്‍ സിങ് രാജ്യസഭയിലെത്തി തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചു. ക്രൂരമായ ഡല്‍ഹി സര്‍വിസസ് ഭേദഗതി ബില്ലിനെതിരെ അദ്ദേഹം വോട്ട് രേഖപ്പെടുത്തുകയും ചെയ്‌തെന്നും ട്വീറ്റില്‍ പറയുന്നു.

Manmohan Singh Attends Rajya Sabha During Delhi Services Bill Discussion