കൊച്ചി: മലയാളം വാര്‍ത്താ ചാനലുകളിലെ പ്രമുഖരുടെ കൂടുമാറ്റം തുടരുന്നു. ചാനലുകളിലെ കിടമല്‍സരം മൂര്‍ച്ഛിതോടെയാണ് പരസപരം ചാക്കിട്ടുപിടുത്തവും ചാട്ടവുമൊക്കെ സജീവമായത്.
|
അന്വേഷണാത്മക റിപോര്‍ട്ടുകള്‍ കൊണ്ട് ശ്രദ്ധേയനായ അനില്‍ ഇമ്മാനുവേലിന്റെയും മാതൃഭൂമിയിലെ പ്രധാന അവതാരകരില്‍ ഒരാളായ മാതു സജിയുടെയും റിപോര്‍ട്ടര്‍ ടിവിയിലേക്കുള്ള വരാവാണ് ഏറ്റവും പുതിയ വാര്‍ത്ത.
മനോരമ ന്യൂസില്‍ നിന്ന് പടിയിറങ്ങിയ ശേഷം മാധ്യമ സിന്‍ഡിക്കേറ്റ് എന്ന പേരില്‍ വെബ് സൈറ്റും ഡിജിറ്റല്‍ പ്‌ളാറ്റ് ഫോമും നടത്തിവന്ന അനില്‍ ഇമ്മാനുവേല്‍ ഇന്ന് റിപോര്‍ട്ടര്‍ ടിവിയില്‍ ജോലിയില്‍ പ്രവേശിച്ചു. അന്വേഷണാത്മക വാര്‍ത്തകളുടെ ചുമതലക്കാരനായിട്ടാണ് ചങ്ങനാശേരി സ്വദേശിയായ അനില്‍ ഇമ്മാനുവേല്‍ റിപോര്‍ട്ടര്‍ ടിവിയില്‍ എത്തിയിരിക്കുന്നത്.
ALSO READ: ആദ്യ ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം
ഇന്ന് കളമശേരിയിലെ ചാനല്‍ ആസ്ഥാനത്ത് നടന്ന ചാനല്‍ റിപോര്‍ട്ടര്‍മാരുടെ റിഫ്രഷര്‍ ക്യാമ്പില്‍ മാനേജുമെന്റ് അനില്‍ ഇമ്മാനുവേലിനെ അവതരിപ്പിച്ചു.
എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിന്ന് സുജയ പാര്‍വതി, ജിമ്മി ജെയിംസ് എന്നിവരുടെ രാജി സൃഷ്ടിച്ച തിരിച്ചടിക്കിടയില്‍ നല്ല മാധ്യമ പ്രവര്‍ത്തകന്‍ എന്ന പേരുളള അനില്‍ ഇമ്മാനുവേല്‍ ചാനലില്‍ എത്തിയത് റിപോര്‍ട്ടറിലെ മാധ്യമ പ്രവര്‍ത്തകരുടെ ആത്മവീര്യം ഉയര്‍ത്തിയിട്ടുണ്ട്.
സുജയ പാര്‍വതിക്ക് പകരക്കാരിയായി റിപോര്‍ട്ടര്‍ മാനേജുമെന്റ് കണ്ടെത്തിയ മാതൃഭൂമി ന്യൂസിലെ മാതു സജിയും ഇന്ന് ചാനലില്‍ ജോലിയില്‍ പ്രവേശിച്ചു.
റിഫ്രഷര്‍ ക്യാമ്പില്‍ വെച്ചാണ് മാതുവിനെയും റിപോര്‍ട്ടര്‍ ടിവിയിലേക്ക് സ്വാഗതം ചെയ്തത്. മീഡിയാ വണ്‍ ചാനലിന്റെ എക്‌സിക്യൂട്ടിവ് എഡിറ്ററായി ചുമതലയേല്‍ക്കുന്നതിനായി റിപോര്‍ട്ടറില്‍ നിന്ന് രാജിവെച്ച ജിമ്മി ജെയിംസ് അടുത്തയാഴ്ച റിപോര്‍ട്ടറില്‍ നിന്ന് ഇറങ്ങും.
തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിനെ അയോഗ്യനാക്കുന്ന നിയമ നടപടിയിലേക്ക് എത്തിച്ചത് അനില്‍ ഇമ്മാനുവേലിന്റെ റിപോര്‍ട്ടുകളായിരുന്നു.
മനോരമ ന്യൂസില്‍ ഇരുന്ന് നടത്തിയ അന്വേഷണം വാര്‍ത്തയായി നല്‍കാന്‍ എഡിറ്റോറിയല്‍ മേധാവികള്‍ വിസമ്മതിച്ചതോടെ അവിടെ നിന്ന് ഇറങ്ങി ഒറ്റയാന്‍ പോരാട്ടം നടത്തുകയായിരുന്നു.
അന്വേഷണാത്മക റിപോര്‍ട്ടിങ്ങില്‍ മലയാള ടെലിവിഷന്‍ വാര്‍ത്താ രംഗത്ത് തന്‍േറതായ സ്ഥാനം അടയാളപ്പെടുത്തിയ അനില്‍ ഇമ്മാനുവേലിന് കളങ്കിത പ്രതിഛായയുളള റിപോര്‍ട്ടര്‍ ടിവിയില്‍ എത്രമാത്രം ശോഭിക്കാനാവുമെന്ന ചോദ്യം ഉയരുന്നുണ്ട്.
അന്വേഷണാത്മക റിപോര്‍ട്ടര്‍ അനില്‍ ഇമ്മാനുവേല്‍ ടെലിവിഷന്‍ വാര്‍ത്താ രംഗത്തേക്ക് തിരിച്ചുവരവ് നടത്തിയപ്പോള്‍ മലയാള ടെലിവിഷന്‍ വാര്‍ത്താ രംഗത്ത് അന്വേഷണത്മക റിപോര്‍ട്ടിങ്ങിന് വഴിവെട്ടിയ ബിജു പങ്കജ് ചാനല്‍ മേഖല വിട്ടുപോയി.
മാതൃഭൂമി ന്യൂസില്‍ സീനിയര്‍ ഡെപ്യൂട്ടി എഡിറ്ററായിരുന്ന ബിജു പങ്കജ്, മാതൃഭൂമിയുടെ ഡിജിറ്റല്‍ വിഭാഗത്തിലേക്കാണ് മാറിയത്.





