|
റിയാദ്: വനിത ഹൗസ് ഡ്രൈവർ അടക്കം ഗാർഹിക മേഖലയിൽ 13 വിഭാഗം തൊഴിലാളികളെ മുസാനിദ് പ്ലാറ്റ്ഫോം വഴി റിക്രൂട്ട് ചെയ്യാൻ സൗകര്യമൊരുക്കിയതായി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വനിത ഹൗസ് ഡ്രൈവറിന് പുറമെ പേഴ്സണൽ കെയർ വർക്കർ, ഹൗസ് കീപ്പർ, പ്രൈവറ്റ് ടീച്ചർ, ഹൗസ് ടൈലർ, ഹൗസ് മാനേജർ, ഹൗസ് ഫാർമർ, ഹൗസ് കോഫിവർക്കർ, വൈറ്റർ, സ്പീച്ച് ആന്റ് ഹിയറിംഗ് സ്പെഷ്യലിസ്റ്റ്, പ്രൈവറ്റ് ഹെൽപർ, സപ്പോർട്ട് വർക്കർ എന്നീ പ്രൊഫഷനുകളിലെ വിസകളാണ് മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്ഫോം വഴി സൗകര്യമൊരുക്കിയത്.
നേരത്തെ ഹൗസ് ഡ്രൈവർമാർ, വീട്ടുവേലക്കാർ തുടങ്ങി ഏതാനും വിഭാഗങ്ങളിലുള്ള വിസകൾ മാത്രമേ മുസാനിദ് വഴി ലഭിച്ചിരുന്നുള്ളൂ. രാജ്യത്തെ അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികൾ വഴി ഈ പ്രൊഫഷനിലുള്ളവരെ റിക്രൂട്ട് ചെയ്യാൻ സാധിക്കും. എന്നാൽ റിക്രൂട്ട്മെന്റ് ഏജൻസികളുടെ സഹായമില്ലാതെ വ്യക്തികൾക്ക് സ്വന്തമായും ഇതുവഴി റിക്രൂട്ട് ചെയ്യാനാവുമെന്നും മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെയും തൊഴിൽദാതാവിന്റെയും അവകാശങ്ങൾ പൂർണമായും സംരക്ഷിക്കുന്ന വിധത്തിലാണ് മുസാനിദ് വഴിയുള്ള റിക്രൂട്ട്മെന്റ് നടക്കുന്നത്.
നിശ്ചിതപരിധിയിൽ ഗാർഹിക തൊഴിലാളികൾക്ക് ലെവി ആവശ്യമില്ലെന്നത് തൊഴിലുമടകൾക്ക് ഗുണകരമാകും. പുതിയ പ്രൊഫഷനുകൾ ലഭ്യമായത് റിക്രൂട്ട്മെന്റ് വർധിക്കാനും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കാരണമാകുമെന്ന് കരുതുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





