ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരേ വീണ്ടും കടുത്ത വിമർശനവുമായി കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവും എഴുത്തുകാരനുമായ പരകാല പ്രഭാകർ. മോദി കഴിവുകെട്ടവനും വർഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിൽ വിദഗ്ധനുമാണെന്നും പ്രഭാകർ പറഞ്ഞു. മോദി ഭരണകൂടത്തെ നിരൂപിക്കുന്ന ‘ദി ക്രൂക്ക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ: എസ്സേസ് ഓൺ എ റിപ്പബ്ലിക് ഇൻ ക്രൈസിസ്’ എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ച് ‘ദ വയറി’ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
|
പ്രഭാകറിന്റെ വാക്കുകൾ:
സാമ്പത്തികരംഗത്തടക്കം മോദിയുടെ കഴിവില്ലായ്മ അമ്പരപ്പിക്കുന്നതാണ്. 2024ൽ മോദി വീണ്ടും അധികാരത്തിൽ എത്തിയാൽ രാജ്യത്ത് സർവനാശമുണ്ടാകും. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റും. സമ്പദ്വ്യവസ്ഥ പൂർണ തകർച്ചയിലാണ്. നരേന്ദ്ര മോദി സമ്പദ്വ്യവസ്ഥയിൽ മാത്രമല്ല, മറ്റ് പല മേഖലകളിലും കാര്യക്ഷമതയില്ലാത്തവനായി മാറിയിരിക്കുന്നു. എന്നാൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയും വർഗീയ വിദ്വേഷം സൃഷ്ടിക്കുകയും ചെയ്യുന്നതടക്കം ചില കാര്യങ്ങളിൽ അദ്ദേഹം കാര്യക്ഷമനാണ്. രാജ്യത്ത് നടക്കുന്ന തെറ്റായ സംഭവങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. നമ്മുടെ രാജ്യം ഇപ്പോൾ ഭയാനകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യ അതിന്റെ സ്ഥാപക തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും അകന്നു. നാട്ടിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളാണ് ഈ പുസ്തകം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. എന്തിനാണ് വിമർശിക്കുന്നതെന്നും നല്ലതൊന്നും കാണുന്നില്ലേയെന്നും എന്നോട് പലരും ചോദിക്കാറുണ്ട്. ഞാൻ അവരോടെല്ലാം പറയുന്നു, ബദൽ എന്താണെന്ന് ജനങ്ങൾ തീരുമാനിക്കും’ -ഡോ. പ്രഭാകർ പറഞ്ഞു.
സമ്പദ്വ്യവസ്ഥയുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ പ്രതിസന്ധി നേരിടുകയാണ്. 1980-ൽ ബിജെപി രൂപീകരിച്ചപ്പോൾ അത് ഗാന്ധിയുടെ ആശയങ്ങളെയും സോഷ്യലിസത്തെയും എതിർത്തു. ഏത് സാമ്പത്തിക വിദഗ്ധന്റെ ഉപദേശപ്രകാരമാണ് അദ്ദേഹം നോട്ട് നിരോധനം പോലുള്ള അതിരുകടന്നതും അപ്രായോഗികവുമായ തീരുമാനം എടുത്തതെന്ന് അറിയില്ല. 1990നു ശേഷം ആദ്യമായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. തൊഴിലില്ലായ്മ കുതിക്കുന്നു. സമ്പത്ത് കുറച്ചുപേരിൽമാത്രം കേന്ദ്രീകരിക്കുന്നു. മന്ത്രിമാരും മോദി അനുകൂലികളും സത്യത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണ്. ഏതെങ്കിലും ധനമന്ത്രിയെ വ്യക്തിപരമായി വിമർശിക്കുന്നില്ല’ -അദ്ദേഹം വ്യക്തമാക്കി. മുമ്പും മോദി ഭരണകൂടത്തെ വിമർശിച്ച് പ്രഭാകർ രംഗത്തെത്തിയിട്ടുണ്ട്.
ലണ്ടൻ സ്‌കൂൾ ഓഫ് എകണോമിക്‌സിൽനിന്ന് ഡോക്ടറേറ്റ് എടുത്ത പ്രഭാകർ സാമ്പത്തിക വിദഗ്ധനുമാണ്. മുമ്പും പല വിഷയങ്ങളിലും ബിജെപിക്കും മോദി സർക്കാരിനുമെതിരേ അദ്ദേഹം വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഡൽഹി ജെ.എൻ.യുവിൽ നിർമലയും പ്രഭാകറും ഒന്നിച്ചാണ് പഠിച്ചത്. ഈ ബന്ധം പിന്നീട് വിവാഹത്തിൽ കലാശിക്കുകയായിരുന്നു.





