സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് നാളെ നടക്കാനാരിക്കെ ഇത്തവണ ഏറ്റവും ചെലവേറിയ വോട്ട് രേഖപ്പെടുത്തിയ ആളെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിയാണ് വോട്ട് ചെയ്യാനായി മൂവായിരത്തോളം കിലോമീറ്ററുകള്‍ യാത്ര ചെയ്ത് തന്റെ സ്വദേശമായ നാട്ടികയിലെത്തിയത്. ബാങ്കോക്കില്‍ നിന്ന് ബിസിനസ് ജെറ്റില്‍ നെടുമ്പാശ്ശേരിയില്‍ പറന്നെത്തിയ ശേഷമാണ് എം എ യൂസുഫലി നാട്ടികയിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്.
|
ബാങ്കോക്കില്‍ ലുലുവിന്റെ പുതിയ ഭക്ഷ്യസംസ്‌കരണ ലോജിസ്റ്റിക്‌സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം തായലാന്‍ഡ് വാണിജ്യ മന്ത്രി നിര്‍വ്വഹിച്ചതിനു ശേഷമാണ് യൂസഫലി ബാങ്കോക്കില്‍ നിന്ന് ബിസിനസ് ജെറ്റില്‍ കൊച്ചിയിലേക്ക് പറന്നത്. വ്യാഴം ഉച്ചയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എം എ യൂസഫലി ഉച്ചയ്ക്ക് മൂന്നോടെ അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് നാട്ടികയിലെത്തിയത്.
നാട്ടിക ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ഒന്നാം ബൂത്തായ എം.എല്‍.പി സ്‌കൂളില്‍ വൈകീട്ടോടെ അദ്ദേഹം എത്തി വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ഥി കെ.എ ഷൗക്കത്തലി, ബി.ജെ.പി സ്ഥാനാര്‍ഥി പി.വി സെന്തില്‍ കുമാര്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.പി മുരളി എന്നിവര്‍ ബൂത്തിന് മുന്നില്‍ അദ്ദേഹത്തെ കാത്തുനിന്നു. സ്ഥാനാര്‍ഥികളോട് കുശലാന്വേഷണം നടത്തിയ ശേഷം യൂസുഫലി വോട്ട് രേഖപ്പെടുത്തി.
ഒരു പൗരനെന്ന നിലയില്‍ തന്റെ കടമയും ബാധ്യതയുമാണ് വോട്ട് രേഖപ്പെടുത്തുക എന്നതെന്നും ലോകത്തിലെ ഏറ്റവും വലുതും ശക്തിയുള്ളതുമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പ്രതികരിച്ചു. താന്‍ പഠിച്ച സ്‌കൂളില്‍ തന്നെയാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ബൂത്തിലെത്തിയ ബാല്യകാല സുഹൃത്തിനോട് കുശലം പറഞ്ഞും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്ക് ആശംസ നേര്‍ന്നുമാണ് അദ്ദേഹം മടങ്ങിയത്.
ALSO READ: പറക്കലിനിടെ വിമാനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്യാന്‍ ശ്രമിച്ച് മാജിക് മഷ്‌റൂം കഴിച്ച പൈലറ്റ്





