അടൂർ: കുത്താന്‍ വന്ന പശുവിനെ കണ്ട് പേടിച്ചോടിയ യുവതിയും പിഞ്ചുകുഞ്ഞും കിണറ്റില്‍ വീണു. പത്തനംതിട്ട അടൂരിലാണ് സംഭവം.
|
പെരിങ്ങാട് കടയ്ക്കല്‍ കിഴക്കേതില്‍ വൈശാഖിന്റെ ഭാര്യ 24കാരിയായ രേഷ്മയും ഇവരുടെ ഒരു വയസ്സുള്ള മകന്‍ വൈഷ്ണവുമാണ് കിണറ്റിൽ വീണത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഇരുവരെയും രക്ഷപ്പെടുത്തി.
ഇന്നലെ 11.30ക്ക് ചെറുപുഞ്ച ഭാഗത്തുള്ള തോട്ടത്തിലൂടെ നടന്ന് പോവുമ്പോഴായിരുന്നു സമീപത്ത് തീറ്റ തിന്നുകയായിരുന്ന പശു ഇവരെ കുത്താന്‍ വന്നത്. പേടിച്ചോടിയ ഇവര്‍ കിണറ്റില്‍ വീഴുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കുഞ്ഞിനെ രക്ഷപ്പെടുത്തിയെങ്കിലും രേഷ്മയെ പുറത്തെത്തിക്കാനായില്ല.
അഗ്‌നിരക്ഷാസേന എത്തിയാണ് രേഷ്മയെ രക്ഷിച്ചത്. സ്റ്റേഷന്‍ ഓഫിസര്‍ വി വിനോദ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. വെള്ളമില്ലാത്ത കിണറിന്റെ മുകള്‍ഭാഗം ഫ്ളക്സ് ബോര്‍ഡുകൊണ്ട് മറച്ചുവച്ചിരിക്കുകയായിരുന്നു.



