മൂന്നും എട്ടും വയസുള്ള മക്കളെ സ്‌കൂള്‍ ബസില്‍ കയറ്റിവിട്ട ശേഷം വാലന്റൈന്‍സ് ഡേയില്‍ കാമുകനോടൊപ്പം നാടുവിട്ട അമ്മയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിളപ്പില്‍ശാല ഉറിയാക്കോട് അരശുംമൂട് സ്വദേശി ശ്രീജ(28)ആണ് കന്യാകുമാരിയില്‍ നിന്ന് അറസ്റ്റിലായത്.(mother remanded who eloped with lover on feb 14 after abandon children)
|
ഫെബ്രുവരി 14ന് രാവിലെ കുട്ടികളെ സ്‌കൂള്‍ ബസ്സില്‍ കയറ്റിവിട്ട ശേഷം ശ്രീജ കാമുകനായ കോട്ടൂര്‍ ആതിരാ ഭവനില്‍ വിഷ്ണു(34)വിനോടൊപ്പം കന്യാകുമാരിയിലേക്ക് പോവുകയായിരുന്നു. അറസ്റ്റിലായ ശ്രീജയെയും വിഷ്ണുവിനെയും കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് വിളപ്പില്‍ശാല പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
പ്ലേ സ്‌കൂളില്‍ പഠിക്കുന്ന മൂന്ന് വയസ് പ്രായമുള്ള കുഞ്ഞ് വൈകീട്ട് ബസ്സില്‍ സ്ഥിരം ഇറങ്ങുന്ന സ്ഥലത്ത് എത്തിയപ്പോള്‍ കൂട്ടികൊണ്ട് പോകാന്‍ ശ്രീജ വന്നിരുന്നില്ല. അമ്മയെ കാണാതെ കുഞ്ഞ് കരയാന്‍ തുടങ്ങിയതോടെ ബസ്സിലെ ജീവനക്കാരിയാണ് കുട്ടിയെ വീട്ടില്‍ എത്തിച്ചത്.
ഈ സമയം വീട്ടില്‍ ശ്രീജ ഉണ്ടായിരുന്നില്ല. ഇവര്‍ അയല്‍വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീജ നാടുവിട്ട വിവരം അറിയുന്നത്. ഇതിനു പിന്നാലെ് ശ്രീജയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീജയും വിഷ്ണുവും കന്യാകുമാരിയില്‍ ഉണ്ടെന്ന് വ്യക്തമായത്.





