2004ന് ശേഷം ആദ്യമായി പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയം ലോക്സഭ പാസാക്കി. ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു നടത്തിയ പ്രസംഗത്തിനുള്ള നന്ദി പ്രമേയമാണ് വ്യാഴാഴ്ച ശബ്ദവോട്ടിലൂടെ അംഗീകരിച്ചത്.
പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പ്രമേയത്തിന് മറുപടി നല്‍കാന്‍ സാധിക്കാതെ പോയത്. ബുധനാഴ്ചയാണ് പ്രധാനമന്ത്രി മറുപടി നല്‍കുമെന്ന് തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷ അംഗങ്ങളുടെ തുടര്‍ച്ചയായ ബഹളവും പ്രതിഷേധവും മൂലം ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള സഭ ഉച്ചവരെ നിര്‍ത്തിവെക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഒരു മിനിറ്റ് മാത്രമാണ് സഭ സമ്മേളിച്ചത്.
സഭ ചേരുന്നതോടെ രാഷ്ട്രപതിയുടെ പ്രസംഗത്തിന് സ്പീക്കര്‍ ഓം ബിര്‍ള നന്ദി പ്രമേയം വായിക്കുകയും, ശബ്ദവോട്ടിലൂടെ പ്രമേയം പാസാക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം വിശദീകരിക്കുന്ന മുന്‍ കരസേനാ മേധാവി എംഎം നരവാനെയുടെ ഓര്‍മ്മക്കുറിപ്പ് ഉദ്ധരിച്ച് സംസാരിക്കാന്‍ ശ്രമിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം സ്പീക്കര്‍ നിഷേധിച്ചതോടെയാണ് സഭയില്‍ സംഘര്‍ഷം രൂക്ഷമായത്. ഇതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ കടലാസ് വലിച്ചു കീറുകയും നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി.
ലോക്സഭയില്‍ പ്രതിപക്ഷ നേതാവിനെ സംസാരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ തടയുന്നതായി കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ വീണ്ടും ആരോപിച്ചു. ഒരു പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രതിപക്ഷ നേതാവിന് സംസാരിക്കാനും ചര്‍ച്ച ആരംഭിക്കാനുമുള്ള അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ അവകാശം ഈ സഭയില്‍ നിഷേധിക്കപ്പെടുകയാണെന്നും, ഇത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.
|





