മോട്ടോ ടാനിയ എന്ന അപരനാമത്തിൽ സാമൂഹിക മാധ്യമത്തിൽ അറിയപ്പെടുന്ന റഷ്യൻ വനിതാ ബൈക്ക് റൈഡർ ടാത്യാന ഒസോലിന അപകടത്തിൽ മരിച്ചു. 38 വയസ്സായിരുന്നു. തുർക്കിയിൽ വച്ചാണ് സംഭവം. (moto tanya dies in accident in Turkey)
|
ടാനിയ ഓടിച്ചിരുന്ന ബിഎംഡബ്ല്യു മോട്ടോർസൈക്കിൾ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. യുവതി അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചുവെന്നാണ് റിപോർട്ട്.
യാത്രാസംഘത്തിനൊപ്പമുണ്ടായിരുന്ന തുർക്കിഷ് റൈഡറായ ഒനുർ ഒബുത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്.
മോട്ടോ ടാനിയയ്ക്ക് ഇൻസ്റ്റഗ്രാമിൽ 10 ലക്ഷത്തിലേറെയും യു ട്യൂബിൽ 20 ലക്ഷത്തിലേറെയും ഫോളോവേഴ്സുണ്ട്. റഷ്യയിലെ ഏറ്റവും സുന്ദരിയായ ബൈക്കർ എന്നും ടാത്യാന അറിയപ്പെട്ടിരുന്നു. യൂറോപ്പിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിക്കുന്നില്ലെന്നും ഇനി തുർക്കി ചുറ്റിക്കാണുമെന്നും ടാനിയ കഴിഞ്ഞദിവസം സാമുഹിക മാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു.
മുന്നിൽ പോയിരുന്ന ബൈക്കുകൾ നിർത്തിയതോടെ ടാനിയയ്ക്ക് പെട്ടെന്ന് ബ്രേക്കിടേണ്ട സാഹചര്യമുണ്ടാവുകയും ഇതു പരാജയപ്പെട്ടതോടെ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. യുവതിക്ക് 13 വയസ്സുള്ള മകനുണ്ട്.


