03
Feb 2024
Thu
03 Feb 2024 Thu

അയോധ്യ പ്രതിഷ്ഠാ ചടങ്ങിന് വിമര്‍ശനം: കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്ക് ഹിന്ദുത്വരുടെ ഭീഷണി, പിന്നാലെ വീട് ഒഴിയാന്‍ നോട്ടീസ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി മസ്ജിദ് നിനിന്ന സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ മകള്‍ വിമര്‍ശിച്ചതിന്റെ പേരില്‍ അവര്‍ക്ക് ഹിന്ദുത്വരുടെ ഭീഷണി. പിന്നാലെ മണിശങ്കര്‍ അയ്യരോടും മകളോടും വീടൊഴിയാന്‍ ആവശ്യപ്പെട്ട് റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ നോട്ടീസ് നല്‍കി. ഡല്‍ഹി ജംഗ്പുരിയിലെ ഇവരുടെ വസതി ഒഴിയണമെന്നാണ് നോട്ടീസിലെ ആവശ്യം. മകളുടെ പോസ്റ്റ് അപലപിക്കണമെന്നാണ് റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ ആവശ്യം, അല്ലാത്ത പക്ഷം വീടൊഴിയണമെന്നും നോട്ടീസില്‍ പറയുന്നു. കോളനിയിലെ ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തുന്ന നടപടികള്‍ അനുവദിക്കില്ലെന്നും മറ്റൊരു കോളനിയിലേക്ക് മാറണം എന്നുമാണ് ആവശ്യം.

ഫേസ്ബുക്കിലൂടെയാണ് അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തെ വിമര്‍ശിച്ച് മകള്‍ സുരന്യ അയ്യര്‍ പോസ്റ്റ് ചെയ്തത്. പ്രാണ പ്രതിഷ്ഠാ ചടങ്ങിനെതിരെ നിരാഹാരം കിടന്ന് പ്രതിഷേധിക്കുമെന്നായിരുന്നു സുരന്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജനുവരി 20 ന് വന്ന പോസ്റ്റാണ് വിവാദമായത്. മുസ്ലിം പൗരന്മാരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതിന്റെ ഭാഗമായാണ് തന്റെ പ്രതിഷേധമെന്നായിരുന്നു പോസ്റ്റ്.

ഇത്തരമൊരു പോസ്റ്റ് വിദ്യാസമ്പന്നര്‍ക്ക് ചേര്‍ന്നതല്ലെന്നാണ് റെസിഡന്‍ഷ്യല്‍ അസോസിയേഷന്റെ ആരോപണം.

അസോസിയേഷന്റെ നടപടിയെ പിന്തുണച്ച് ബിജെപി രംഗത്തുവന്നിട്ടുണ്ട്. റസിഡന്റ്‌സ് അസോസിയേഷന്‍ നോട്ടിസ് ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നവര്‍ക്കുള്ള സന്ദേശമാണെന്ന് ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യ എക്‌സില്‍ കുറിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക