07
Nov 2026
Sat
07 Nov 2026 Sat
man gets life term over muder of wife and daughter on his wedding anniversary

ഭാര്യയെയും പത്തുവയസ്സുകാരിയായ മകളെയും കൊലപ്പെടുത്തി മൃതദേഹങ്ങൾക്കൊപ്പം രണ്ടു ദിവസത്തോളം വീട്ടിൽ കഴിഞ്ഞ സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. കർണാടകയിലെ മൈസൂരുവിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഡിസൈൻ എൻജിനീയറായ പ്രജ്വൽ ആറാണ് ഭാര്യ സവിതയെയും മകളെയും കൊലപ്പെടുത്തിയത്. 2018 മേയ് മാസത്തിലായിരുന്നു സംഭവം. 2026 ഒക്ടോബർ 30ന് മൈസൂരുവിലെ രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവദിവസം പുലർച്ചെ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രജ്വലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. തുടർന്ന് വീട്ടിലെത്തിയ പൊലീസ് സവിതയുടെയും മകളുടെയും അഴുകിയ നിലയിലുള്ള മൃതദേഹങ്ങൾ കണ്ടെത്തി. രണ്ടു ദിവസത്തിനുശേഷം ഭാര്യയെയും മകളെയും കൊലപ്പെടുത്തിയതായി പ്രജ്വൽ പൊലീസിനോട് സമ്മതിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

ബെംഗളൂരുവിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് പ്രജ്വൽ കുടുംബത്തോടൊപ്പം മൈസൂരുവിലേക്ക് താമസം മാറിയിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച ഇയാൾ സവിതയെ ജോലി ഉപേക്ഷിക്കാനും നിർബന്ധിച്ചു. ബെംഗളൂരുവിലെ സ്വത്ത് 80 ലക്ഷം രൂപയ്ക്ക് വിറ്റ് മൈസൂരുവിൽ വീട് വാങ്ങിയെങ്കിലും പിന്നീട് കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. പ്രജ്വലിന്റെ പിതാവ് പ്രതിമാസം 25,000 രൂപ കുടുംബത്തിന് നൽകിയിരുന്നു.

മേയ് 23നാണ് കൊലപാതകങ്ങൾ നടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഉറങ്ങിക്കിടന്ന സവിതയെ കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയശേഷം രക്തക്കറകൾ നീക്കം ചെയ്യാൻ പ്രതി ശ്രമിച്ചു. പിന്നീട് ബന്ധുവിന്റെ വീട്ടിലായിരുന്ന മകളെ തിരികെ വീട്ടിലെത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയത്. മൃതദേഹങ്ങൾ വീട്ടിൽ സൂക്ഷിച്ചശേഷം ആത്മഹത്യയ്ക്കും ശ്രമിച്ചു.

കേസിൽ നിർണായകമായത് വീട്ടിൽനിന്ന് കണ്ടെത്തിയ കലണ്ടറിലെ കുറിപ്പുകളായിരുന്നു. മേയ് 23 എന്ന തീയതിയിൽ അടയാളപ്പെടുത്തിയതിന് സമീപം ‘സവി മരിച്ചു, മകളും മരിച്ചു’ എന്ന അർഥത്തിലുള്ള നാല് വാക്കുകൾ പ്രജ്വൽ എഴുതിയിരുന്നു. കൈയക്ഷര പരിശോധനയിൽ ഇത് പ്രതിയുടേതാണെന്ന് സ്ഥിരീകരിച്ചു. കൂടാതെ മൊബൈൽ ലൊക്കേഷൻ വിവരങ്ങളും അയൽവാസികളുടെ മൊഴികളും പൊലീസ് തെളിവായി കോടതിയിൽ ഹാജരാക്കി.

പ്രജ്വലിന് സ്കിസോഫ്രീനിയയുണ്ടായിരുന്നുവെന്നും കൊലപാതകം നടത്തുമ്പോൾ സ്വന്തം പ്രവൃത്തികളെക്കുറിച്ച് ബോധ്യമുണ്ടായിരുന്നില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ മെഡിക്കൽ രേഖകളും ഡോക്ടർമാരുടെ മൊഴികളും പരിശോധിച്ച കോടതി ഈ വാദം അംഗീകരിച്ചില്ല. കലണ്ടറിലെ കുറിപ്പുകളും കൊലപാതകത്തിന് മുമ്പും ശേഷവുമുള്ള പ്രതിയുടെ പെരുമാറ്റവും കുറ്റകൃത്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതായി കോടതി നിരീക്ഷിച്ചു. എട്ടുവർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്.

ALSO READ: യുവതിയെ കൊന്ന് മൃതദേഹം വെട്ടിമുറിച്ച് മൂന്നുവർഷം ഫ്രീസറിൽ സൂക്ഷിച്ച പ്രതിയുടെ വിചാരണ തുടങ്ങി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക