07
Jan 2024
Wed
07 Jan 2024 Wed

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; ഒന്നര കി.മീ റോഡ് ഷോ, കടകള്‍ തുറക്കരുതെന്ന് നിര്‍ദേശം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: BJP സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഉച്ച കഴിഞ്ഞ് 2 മണിയോടെ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ റോഡ് ഷോയും തുടര്‍ന്ന് തേക്കിന്‍കാട് മൈതാനിയില്‍ മഹിളാ സമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ പൊതു പരിപാടികള്‍. ജില്ലാ ജനറല്‍ ആശുപത്രി മുതല്‍ നായ്ക്കനാല്‍ വരെയാണു സ്വരാജ് റൗണ്ടില്‍ റോഡ് ഷോ. ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന പേരിലാണ് മഹിളാ സമ്മേളനം. പ്രധാനമന്ത്രിയായ ശേഷം മൂന്നാം തവണയാണ് നരേന്ദ്രമോദി തൃശൂരിലെത്തുന്നത്.

ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കുട്ടനെല്ലൂര്‍ കോളജ് ഗ്രൗണ്ടില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി രണ്ടേകാലോടെ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും. തുടര്‍ന്ന് നായ്ക്കനാല്‍ വരെ ഒന്നര കിലോമീറ്റര്‍ റോഡ് ഷോയും നടത്തും. ഈ പരിധിയിലുള്ള കടകള്‍ തുറക്കരുതെന്ന് നിര്‍ദേശമുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് തൃശൂരില്‍ കനത്ത സുരക്ഷയൊരുക്കി. നഗരത്തിലും പ്രധാനമന്ത്രി വരുന്ന വഴികളിലും മുവായിരത്തിലധികം പൊലീസുകാരെ വിന്യസിപ്പിക്കും. പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം വേറെയും ഉണ്ടാകും.

സമ്മേളനത്തില്‍ ബി ജെ പി നേതാക്കളും ബീനാ കണ്ണന്‍, ഡോ. എം. എസ് സുനില്‍ , വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമന്‍ , മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ഏഴു ജില്ലകളില്‍ നിന്നുള്ള രണ്ടു ലക്ഷം വനിതകള്‍ സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ബി ജെ പി അറിയിച്ചു. അതിനിടെ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ ഉണ്ടാകുമെന്നാണ് കണക്കാക്കപെടുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക