തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവില്‍ വന്നു. (Nemam-Kochuveli railway stations are now Thiruvananthapuram North and South) കൊച്ചുവേളി ഇനി മുതല്‍ തിരുവനന്തപുരം നോര്‍ത്തെന്നും നേമം തിരുവനന്തപുരം സൗത്തെന്നും ആയിരിക്കും അറിയപ്പെടുക.
|
സംസ്ഥാന സര്‍ക്കാറിന്റെ അപേക്ഷ പരിഗണിച്ചാണ് റെയില്‍വേ പേര് മാറ്റം അംഗീകരിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളിലേക്ക് വികസനം കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്. പേരു മാറ്റം ഇതിന്റെ തുടക്കമാണ്.
കൊച്ചുവേളിയില്‍ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കും തിരിച്ചും നിലവില്‍ ഒരുപാട് ദീര്‍ഘദൂര ട്രെയിനുകളുണ്ട്. പക്ഷെ മറ്റ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഈ സ്റ്റേഷന്‍ പരിചിതമല്ല. നേമത്ത് നിന്നും കൊച്ചുവേളിയില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രലിലേക്ക് വെറും ഒമ്പത് കിലോമീറ്റര്‍ ദൂരം മാത്രമാണെങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സെന്‍ട്രല്‍ സ്റ്റേഷനെ തന്നെയാണ്.
തിരുവനന്തപുരം എന്ന പേര് ബ്രാന്‍ഡ് ചെയ്ത് സമീപ സ്റ്റേഷനുകള്‍ കൂടി നവീകരിക്കുന്നതോടെ യാത്രക്കാര്‍ മറ്റു സ്റ്റേഷനുകളെ കൂടി കൂടുതലായി ആശ്രയിച്ചു തുടങ്ങും. ഒപ്പം കൂടുതല്‍ ട്രെയിനുകളെത്തിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


