തിരുവനന്തപുരം: നേമം മണ്ഡലത്തിലേക്ക് ബിജെപിക്ക് വേണ്ടി ദുരൂഹമായ പെട്ടികള്‍ എത്തി. വിഷയത്തില്‍ എല്‍ഡിഎഫ് പരാതി നല്‍കി. റെയില്‍വേ പാര്‍സല്‍ വഴിയാണ് നാല് പെട്ടികള്‍ മണ്ഡലത്തിലേക്ക് എത്തിച്ചതെന്ന് മന്ത്രി വി.ശിവന്‍കുട്ടി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനുമാണ് പരാതി നല്‍കിയത്.
|
റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാറില്‍ കയറ്റി പെട്ടികള്‍ നേമത്ത് എത്തിക്കുകയായിരുന്നു. കാറിന്റെ നമ്പര്‍ ഉള്‍പ്പെടെ വച്ചാണ് പരാതി നല്‍കുന്നതെന്ന് വി. ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്തിന് പുറത്തുള്ള നിരവധി വാഹനങ്ങള്‍ മണ്ഡലത്തില്‍ എത്തിയതായും ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം, നേമത്തെ പോലെ നെടുമങ്ങാടും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി അനധികൃതമായി പണം ഒഴുക്കുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി ജി.ആര്‍ അനില്‍ ആരോപിച്ചു.
ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് എവിടെനിന്നാണ് ഇത്രയും പണം എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തുകൊണ്ട് പരിശോധിക്കുന്നില്ലെന്ന് ജി.ആര്‍ അനില്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്കൊപ്പം നില്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ബിജെപി സ്ഥാനാര്‍ഥിക്ക് എങ്ങനെയാണ് ഇത്രയും കാശ് ചെലവാക്കി പ്രചാരണം നടത്താന്‍ കഴിയുന്നതെന്ന് മന്ത്രി ചോദിച്ചു. വ്യാപകമായി പണമൊഴുക്കുകയാണ്. കേന്ദ്ര ഗവമെന്റിന്റെ സ്വാധീനം ഇറക്കി വോട്ട് നേടാനുള്ള പരിശ്രമമാണ് ബിജെപി നടത്തുന്നതെന്നും ജി. ആര്‍ അനില്‍ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന് വേണ്ടി സമാനമായ രീതിയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഴല്‍പ്പണം എത്തിയതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, അതിന്റെ കേസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.



