12
Apr 2026
Sun
12 Apr 2026 Sun
NITHIN DEATH

തിരുവനന്തപുരം: ‘അവര്‍ അവനെ ‘തെരുവ് പട്ടി’ എന്നാണ് വിളിച്ചിരുന്നത്. എഴുത്തും വായനയും അറിയില്ലെന്ന് പറഞ്ഞ് നിരന്തരം അധിക്ഷേപിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നാണ് നിതിന്‍ താഴേക്ക് വീണത്. എന്നാല്‍ അവന് അവിടെ പോകേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല. പലരില്‍ നിന്നും പലതരത്തിലുള്ള അധിക്ഷേപങ്ങള്‍ അവന് നേരിടേണ്ടി വന്നിട്ടുണ്ട്,’ കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായ നിതിന്‍ രാജ് കെട്ടിടത്തില്‍ നിന്നും വീണു മരിച്ച സംഭവത്തിലാണ് ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. കോളജിലെ അധ്യാപകരില്‍ നിന്ന് നിതിന് ഗുരുതരമായ മാനസിക പീഡനം നേരിടേണ്ടി വന്നിരുന്നതായി സഹോദരി നിഖിത വെളിപ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അധ്യാപകരില്‍ നിന്ന് നിതിന് കൊടിയ ജാതി അധിക്ഷേപം നേരിടേണ്ടി വന്നതായും, കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയതല്ല, മറിച്ച് അധ്യാപകര്‍ തള്ളിയിട്ടതാണോ എന്ന് സംശയിക്കുന്നതായും കുടുംബം ആരോപിച്ചു. വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് നിതിന്‍ മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചു. ജാതി അധിക്ഷേപമാണ് മരണത്തിന് കാരണമെന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് രണ്ട് അധ്യാപകരെ കോളജ് മാനേജ്മെന്റ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ALSO READ: ആ കത്ത് കുത്തായി; കണ്ണൂരിലും പേരാവൂരിലും സുധാകര അണികള്‍ കാല് വാരി

നിതിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ കുടുംബം വെളിപ്പെടുത്തി. നിറത്തിന്റെ പേരില്‍ പോലും അധ്യാപകന്‍ നിതിനെ അധിക്ഷേപിച്ചിരുന്നു. ‘പുഴുത്ത പട്ടി, പേപ്പട്ടി’ എന്നിങ്ങനെ വിളിച്ചായിരുന്നു അധിക്ഷേപം. ക്ലാസില്‍ വെച്ച് നിതിന്റെ ഉത്തരക്കടലാസുകള്‍ മറ്റ് വിദ്യാര്‍ഥികള്‍ക്ക് കൈമാറി അധ്യാപകന്‍ പരസ്യമായി പരിഹസിച്ചു. ഈ സമയത്ത് നിതിനെ നോക്കി ചിരിക്കാന്‍ മറ്റ് വിദ്യാര്‍ഥികളെ ഇയാള്‍ നിര്‍ബന്ധിച്ചിരുന്നു. കളിയാക്കുമ്പോള്‍ ചിരിക്കാത്ത കുട്ടികളെ അധ്യാപകന്‍ മര്‍ദിച്ചിരുന്നതായും സഹോദരി ആരോപിച്ചു.

കൂടാതെ, ഹോസ്റ്റലിലും കടുത്ത വിവേചനമാണ് കുട്ടിക്ക് നേരിടേണ്ടി വന്നത്. പനി വന്ന സമയത്ത് നിതിനെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് മാറ്റി സിക്ക് റൂമില്‍ ഒറ്റക്ക് പാര്‍പ്പിച്ചു. നിതിനെ ഹോസ്റ്റലില്‍ നിര്‍ത്താന്‍ അധികൃതര്‍ക്ക് താല്പര്യമില്ലായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. മറ്റ് ചില വിദ്യാര്‍ഥികള്‍ക്കും സമാനമായ ദുരനുഭവങ്ങള്‍ ഈ അധ്യാപകനില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

മരിക്കുന്നതിന്റെ തലേദിവസം രാത്രി പതിനൊന്നര വരെ നിതിന്‍ വീട്ടുകാരുമായി വിഡിയോ കോളില്‍ വളരെ സന്തോഷത്തോടെ സംസാരിച്ചിരുന്നുവെന്നും, യാതൊരുവിധത്തിലുള്ള മാനസിക പ്രയാസങ്ങളും അവനില്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. നിതിന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും, മരിക്കുന്ന അന്ന് നാട്ടിലേക്ക് വരാന്‍ അവന്‍ ടിക്കറ്റ് എടുത്തിരുന്നതായും സഹോദരി ഭര്‍ത്താവ് അശോക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘കോളജിന്റെ മുകളില്‍ നിന്ന് ചാടി എന്നാണ് അധികൃതര്‍ ആദ്യം വിളിച്ചറിയിച്ചത്, എത്രയും പെട്ടെന്ന് വരണമെന്ന് മാത്രമാണ് പറഞ്ഞത്. എന്നാല്‍ മരണവിവരം ഞങ്ങള്‍ വാര്‍ത്തകളിലൂടെയാണ് അറിയുന്നത്. കോളജ് അധികൃതര്‍ അത് ഔദ്യോഗികമായി അറിയിച്ചില്ല,’ അദ്ദേഹം വ്യക്തമാക്കി.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അധ്യാപകര്‍ അവനെ സ്ഥിരമായി അധിക്ഷേപിച്ചിരുന്നതായി നിതിന്‍ വീട്ടില്‍ പറഞ്ഞിരുന്നു. ‘നീ തെരുവ് പട്ടി അല്ലേ, നിനക്ക് ഇവിടെ പഠിക്കാന്‍ എന്ത് അര്‍ഹതയുണ്ട്’ എന്ന് അവര്‍ ചോദിച്ചിരുന്നു. ഇതിന് ശേഷമാണ് അവനെ സ്ഥിരമായി അപമാനിക്കാന്‍ തുടങ്ങിയതെന്നും അശോക് കുമാര്‍ പറയുന്നു. നിതിന്‍ കോളജിന്റെ മുകളില്‍ നിന്ന് ചാടുമെന്ന് വിശ്വസിക്കുന്നില്ലെന്നും, ജീവനക്കാര്‍ റാഗ് ചെയ്തതാണോ അതോ കെട്ടിടത്തില്‍ നിന്ന് പിടിച്ച് തള്ളിയിട്ടതാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ചക്കരക്കല്‍ പൊലീസില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ജാതി അധിക്ഷേപം ശരിവെക്കുന്ന തരത്തിലുള്ള നിതിന്റെ ചില ശബ്ദസന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.