ഡല്‍ഹി: ബിഹാറില്‍ അധികാര മാറ്റത്തിന് വഴിതെളിച്ച് കൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ ഡല്‍ഹിയിലെത്തിയ നിതീഷിനെ ജെഡിയു ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സഞ്ജയ് കുമാര്‍ ഉള്‍പ്പെടെയുളള നേതാക്കളെത്തിയാണ് സ്വീകരിച്ചത്.
|
ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍പേഴ്സണുമായ സി പി രാധാകൃഷ്ണനായിരിക്കും നിതീഷ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം നിതീഷ് ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കും. ബിജെപിയുടെ സാമ്രാട്ട് ചൗധരിയാകും അടുത്ത ബിഹാര്‍ മുഖ്യമന്ത്രി. നിലവില്‍ ഉപമുഖ്യമന്ത്രിയാണ് സാമ്രാട്ട് ചൗധരി.
മുഖ്യമന്ത്രിയെ നിശ്ചയിക്കാനായി ഏപ്രില്‍ 13ന് മന്ത്രിസഭ കൂടാന്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കസേര അധിക നാള്‍ ഒഴിച്ചിടരുത് എന്ന് നിതീഷ് നിലപാടെടുത്തിട്ടുണ്ട്. സാമ്രാട്ട് ചൗധരിയോടാണ് നിതീഷിന് താത്പര്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ബിജെപി കേന്ദ്ര നേതൃത്വത്തെയും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
നേരത്തെതന്നെ സാമ്രാട്ട് ചൗധരിയെ ഭാവി നേതാവായി നിതീഷ് പലതവണ വിശേഷിപ്പിച്ചിരുന്നു. ഏപ്രില്‍ 15നാകും പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ എന്നാണ് സൂചന. മാര്‍ച്ച് 30നാണ് നിതീഷ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വം രാജിവെച്ചത്. പിന്നാലെ കാവല്‍ മുഖ്യമന്ത്രിയായി തുടരുകയായിരുന്നു.
അധികാര കൈമാറ്റ ധാരണയുടെ ഭാഗമായി നിതീഷിന്റെ മകന്‍ നിഷാന്ത് കുമാര്‍ മന്ത്രിസഭയിലേക്കെത്തും. ഉപമുഖ്യമന്ത്രി പദമാണ് നിഷാന്തിന് നല്‍കുക. ബിഹാറിലെ ഏറ്റവും പ്രമുഖനായ നേതാവിന്റെ മകനായിട്ടും ഇതുവരെ രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു നിഷാന്ത് കുമാര്‍. 1975ല്‍ ഭക്തിയാര്‍പൂരില്‍ ജനിച്ച നിഷാന്ത് കുമാര്‍ മെസ്റ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ നിന്നും സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങ് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.


