ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കെഎസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ച പരിക്കേല്‍പ്പിച്ച വാദങ്ങള്‍ പൊളിയുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ക്യാമറകളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല എന്ന് ആര്‍പിഎഫ്.
|
ക്യാമറകള്‍ എല്ലാം പരിശോധിച്ച ശേഷമാണ് ആര്‍പിഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് റെയില്‍വേ പൊലീസ് ആര്‍പിഎഫിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അത്തരത്തില്‍ ദൃശ്യങ്ങള്‍ ഇല്ല എന്ന് വ്യക്തമായത്.
അതേസമയം, ആരോഗ്യമന്ത്രിയ കയ്യേറ്റം ചെയ്ത കേസിലെ എഫ്ഐആര്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കെഎസ്യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് അക്രമിച്ചെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്. ‘കൊല്ലെടാ’ എന്ന് അക്രോശിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയതെന്നും മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് അക്രമിക്കുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.
മന്ത്രിയെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഗണ്‍മാനെയും അക്രമിച്ചതായി എഫ്‌ഐആറില്‍ ഉണ്ട്. മന്ത്രിയുടെ ഗണ്‍മാന്‍ എം എസ് അഭിലാഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെലീസ് കേസെടുത്തത്. എന്നാല്‍, അത്തരത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയെ ആക്രമിക്കാവുന്ന തരത്തില്‍ സമീപത്തെത്തുന്നത് ഇതുവരെ പുറത്തുവന്ന ദൃശ്യങ്ങളിലൊന്നും ഇല്ല.
മന്ത്രി വീണാ ജോര്‍ജും പരാതിക്കാരനായ ഗണ്‍മാനും തിരുവനന്തപുരത്തേക്ക് വന്ദേഭാരത് എക്സ്പ്രസില്‍ പോകുന്നതിനായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിന്റെ എന്‍ട്രന്‍സിലെത്തിയപ്പോഴായിരുന്നു സംഭവം. അഞ്ച് കെഎസ്യു പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ അതിക്രമിച്ചു കയറി കരിങ്കൊടി കാണിച്ച് മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചും കൊല്ലെടാ എന്ന് ആക്രോശിച്ച് കൊണ്ടും എന്തോ ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചുവെന്നാണ് എഫ്ഐറില്‍ പറയുന്നത്. തടയാന്‍ ശ്രമിച്ച ഗണ്‍മാനെ കൈകൊണ്ട് അടിക്കുകയും തടഞ്ഞുവെയ്ക്കുകയും ചെയ്തുവെന്നും എഫ്ഐആറില്‍ പറയുന്നു.
ആക്രമണത്തില്‍ അഞ്ച് കെഎസ്യു പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കെഎസ്യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേരെയാണ് റിമാന്‍ഡ് ചെയ്തത്. എം സി അതുല്‍, സി എച് മുബാസ്, മുഹമ്മദ് യാസീന്‍, അക്ഷയ് മാട്ടൂല്‍, ബിഥുല്‍ എന്നിവരാണ് റിമാന്‍ഡിലായത്. ഇന്നലെ രാത്രിയാണ് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു.
ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു.
കുഴിമന്ത്രി ചലഞ്ചുമായി കെഎസ്‌യു
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ കുഴിമന്തി ചലഞ്ചുമായി കെഎസ്യു മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ വെച്ച് കെഎസ്യു പ്രവര്‍ത്തകര്‍ അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് കുഴിമന്തി നല്‍കുന്ന ചലഞ്ചാണ് കെഎസ്യു മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി നടത്തുന്നത്. വീണാ ജോര്‍ജിനെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങളും മറ്റും നടക്കുമ്പോളാണ് ചലഞ്ചുമായി കെഎസ്യു പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.
വിഡി സതീശന്റെ നുണ
ആരോഗ്യമന്ത്രിക്കെതിരെ ആക്രമണമുണ്ടായിട്ടില്ല എന്നത് വി ഡി സതീശന്‍ നടത്തുന്ന നുണ ജാഥയുടെ ഇന്നലത്തെ നുണയായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തിന്റെ ആരോഗ്യമേഖല ലോകശ്രദ്ധ നേടുന്ന നിലയിലേക്ക് വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത് താഴെ തലത്തില്‍ മുതല്‍ അവയവദാനം നടത്താന്‍ കഴിയുന്ന ജില്ലാ ആശുപത്രികള്‍ വരെയുള്ള വികസനമാണ്. രാജ്യത്ത് വേറെയൊരു സംസ്ഥാനത്തും ഇല്ലാത്ത സൗകര്യം കേരളത്തിലുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.



