13
Jun 2023
Sun
13 Jun 2023 Sun

തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നോര്‍ക്ക റൂട്ട്‌സുമായി ചേര്‍ന്ന് നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയായ ”പ്രവാസി പുനരധിവാസ വായ്പാ പദ്ധതിക്കു കീഴില്‍ വായ്പ അനുവദിയ്ക്കുന്നതിനായി കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട, സംരംഭകരായ യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപേക്ഷകര്‍ പട്ടികവിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരും, 18നും 55നും മദ്ധ്യേ പ്രായമുള്ളവരുമായിരിയ്ക്കണം ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് പരമാവധി 20 ലക്ഷം രൂപ വരെ അനുവദിക്കുന്നത്. വായ്പയുടെ 15 ശതമാനം ബാക്ക് എന്റഡ് സബ്സിഡിയായും, തിരിച്ചടവ് വീഴ്ച കൂടാതെ നടത്തുന്ന സംരംഭകര്‍ക്ക് ആദ്യത്തെ നാലു വര്‍ഷ കാലത്തേക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയായും നോര്‍ക്ക റൂട്ട്സ് അനുവദിക്കുന്നതാണ്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനമനുസരിച്ചാണ് വായ്പകള്‍ നല്‍കുക. 3,50 ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ചു ലക്ഷം രൂപയും, 10 ലക്ഷം വരുമാനമുള്ളവര്‍ക്ക് 10 ലക്ഷം രൂപയും, 10 മുതല്‍ 15 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 20 ലക്ഷം രൂപയുമാണ് പരമാവധി വായ്പ നല്‍കുക. കൃത്യമായി തവണ സംഖ്യകള്‍ തിരിച്ചടക്കുന്നവര്‍ക്ക്, വായ്പയുടെ പലിശനിരക്ക് നാല് ശതമാനം മുതല്‍ ആറ് ശതമാനം വരെയും, തിരിച്ചടവ് കാലയളവ് അഞ്ചു വര്‍ഷവുമാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം.

അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതും നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കുകയും വേണം. അപേക്ഷയോടൊപ്പം ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ് എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് കൂടി ഉള്ളടക്കം ചെയ്യണം. അപേക്ഷയും അനുബന്ധ രേഖകളും നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിച്ച് അപേക്ഷകര്‍ രജിസ്ട്രേഷന്‍ നടത്തേണ്ടതിനാല്‍ ജില്ലാ ഓഫീസില്‍ നിന്നും പിന്നീട് ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റു വിവരങ്ങള്‍ ഹാജരാക്കണം. നോര്‍ക്ക റൂട്ട്സിന്റെ പരിശോധനക്കു ശേഷമായിരിക്കും വായ്പക്കായി പരിഗണിക്കുക.