21
Sep 2023
Tue
21 Sep 2023 Tue

പാരിസ്: ലോകകപ്പ് നേടിയതിന് ശേഷം പി എസ് ജി തന്നെ ആദരിച്ചില്ലെന്ന അര്‍ജന്റീന നായകന്‍ ലിയോണല്‍ മെസിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ഫ്രഞ്ച് ക്ലബ്. മെസിക്ക് അര്‍ഹമായ ആദരം നല്‍കിയിട്ടുണ്ടെന്ന് പി എസ് ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫി വ്യക്തമാക്കി. ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീനാ ടീമില്‍ സ്വന്തം ക്ലബിന്റെ ആദരം കിട്ടാതിരുന്ന ഏകതാരം താനായിരുന്നുവെന്നായിരുന്നു ലിയോണല്‍ മെസിയുടെ പരിഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകകപ്പ് നേടിയശേഷം പി എസ് ജിയില്‍ തിരിച്ചെത്തിയ മെസിയ പരിശീലന സമയത്തും വ്യക്തിപരമായും അഭിനന്ദിച്ചിരുന്നുവെന്ന് നാസര്‍ അല്‍ ഖലൈഫി പറഞ്ഞു. ഇതിന്റെ വീഡിയോയും ക്ലബ് പുറത്തിറക്കി. മെസിയോട് വളരെയേറെ ബഹുമാനമുള്ള ക്ലബാണ് പി എസ് ജി. ഫ്രഞ്ച് ക്ലബായതിനാല്‍ പി എസ് ജിയുടെ മൈതാനത്ത് മെസിക്ക് ആദരം നല്‍കാന്‍ കഴിയുമായിരുന്നില്ല. കാരണം ഫ്രാന്‍സിനെ തോല്‍പിച്ചാണല്ലോ അര്‍ജന്റീന ലോകകപ്പ് നേടിയത്.

അതുകൊണ്ടുതന്നെ മെസിയ്ക്ക് പരസ്യമായ ആദരം നല്‍കുന്നതിന് മുമ്പ് ഫ്രഞ്ച് താരങ്ങളെയും ആരാധകരെയും പി എസ് ജിക്ക് പരിഗണിക്കണമായിരുന്നുവെന്നും നാസര്‍ അല്‍ ഖലൈഫി പറഞ്ഞു. ഖത്തറില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് അര്‍ജന്റീന മൂന്നാം ലോകകപ്പ് നേടിയത്. നിശ്ചിത സമത്ത് 2-2 സമനിലയായ മത്സരത്തിന്റെ അധിക സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. പിന്നീടായിരുന്നു മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

2021ല്‍ ബാഴ്‌സലോണയില്‍ നിന്നാണ് മെസി പി എസ് ജിയിലേക്ക് ചേക്കേറിയത്. രണ്ടു സീസണില്‍ ഫ്രഞ്ച് ക്ലബില്‍ കളിച്ചെങ്കിലും തന്റെ സ്വാഭാവിക മികവിലേക്കുയരാന്‍ മിക്കപ്പോഴും മെസിക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് കരാര്‍ പുര്‍ത്തിയാക്കിയ മെസി അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയതും തന്റെ യഥാര്‍ഥ മികവ് തിരിച്ചെടുക്കുകയും ചെയ്തിരുന്നു.