|
ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റ് റാങ്കിങ്ങിൽ എല്ലാ ഫോർമാറ്റിലും ഒന്നാം റാങ്കിലെത്തി ഇന്ത്യൻ ടീം. പുതിയതായി ഇറങ്ങിയ ഐ.സി.സി റാങ്ക് പട്ടികയിലാണ് ടെസ്റ്റിലും ഏകദിന്തിലും ട്വന്റി 20നും ഇന്ത്യൻ പുരുഷ ടീം ഒന്നാംസ്ഥാനത്തെത്തിയത്. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ജയിച്ചതാണ് ഇന്ത്യക്ക് ഗുണകരമായത്.
ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചതോടെയാണ് 115 പോയന്റുമായി ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യ ഒന്നാമതെത്തിയത്. ഓസ്ട്രേലിയയെയാണ് പിന്തള്ളിയത്. 111 പോയന്റുമായി ഓസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്.
ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. 106 പോയന്റ്. ന്യൂസിലൻഡുമായി ടെസ്റ്റ് പരമ്പര നടക്കാനിരിക്കേ, ടെസ്റ്റ് റാങ്കിങ്ങിൽ നില മെച്ചപ്പെടുത്താൻ ഇംഗ്ലണ്ടിന് അവസരമുണ്ട്. ഫെബ്രുവരി 16 മുതലാണ് ടെസ്റ്റ് പരമ്പര. ദക്ഷിണാഫ്രിക്കയാണ് ഇതിന് മുൻപ് മൂന്ന് ഫോർമാറ്റിലും ഒന്നാമതെത്തിയത്.
ടെസ്റ്റിന് പുറമേ ഏകദിനത്തിലും ട്വന്റി 20യിലും ഇന്ത്യ തന്നെയാണ് ഒന്നാമത്. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ സ്പിന്നിൽ മാന്ത്രികത കാണിച്ച അശ്വിനും ജഡേജയും ബൗളർമാരുടെ റാങ്കിങ്ങിൽ നില മെച്ചപ്പെടുത്തി. അശ്വിൻ റാങ്കിങ്ങിൽ ആദ്യ സ്ഥാനക്കാരന്റെ അരികിലേക്ക് അടുക്കുമ്പോൾ ജഡേജ റാങ്കിങ്ങിൽ ഉയർന്നു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിൽ ഇരുവരും ചേർന്ന് 15 വിക്കറ്റുകളാണ് നേടിയത്.



