27
Jul 2024
Thu
27 Jul 2024 Thu

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം ഇന്ന്. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി അങ്കണത്തില്‍ അനുസ്മരണ പരിപാടി നടക്കും. പകല്‍ 11ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് മാമ്മന്‍ മാപ്പിള ഹാളില്‍ ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ AICC ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനംചെയ്യും.

2023 ജൂലൈ 18 നാണ് സമാനതകളില്ലാത്ത നേതാവ് വിടവാങ്ങിയത്. എന്നും എപ്പോഴും ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ മാത്രം ജീവിച്ച നേതാവ്. നേതാക്കളുടെ നേതാവും അണികളുടെ ആവേശവുമായിരുന്നു പ്രിയപ്പെട്ടവര്‍ക്കിടയിലെ കുഞ്ഞൂഞ്ഞ് എന്ന ഉമ്മന്‍ചാണ്ടി. കരുതലിന്റെ ആ കൈത്തലം വിട്ടുപോയ വേര്‍പാടിന്റെ ദുഃഖ സ്മരണയിലാണ് കേരളം.

ഉമ്മന്‍ചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ 53 വര്‍ഷം പ്രതിനിധീകരിച്ചു. 12 തവണ ഒരേ മണ്ഡലത്തില്‍നിന്ന് നിയമസഭാംഗമായി. 2004ലും 2011ലും മുഖ്യമന്ത്രിയായി. ആഭ്യന്തരം, തൊഴില്‍, ധനം തുടങ്ങി വിവിധ വകുപ്പുകളുടെ മന്ത്രിയുമായി.

അഞ്ച് പതിറ്റാണ്ട് നിയമസഭാ അംഗവും രണ്ടു തവണ മുഖ്യമന്ത്രിയുമായിരുന്നു ഉമ്മന്‍ചാണ്ടി. സംസ്ഥാന വ്യാപകമായി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ പുതുക്കാനായി കോണ്‍ഗ്രസ് നിരവധി അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ 1546 വാര്‍ഡുകളില്‍ ഉമ്മന്‍ ചാണ്ടി സ്‌നേഹസ്പര്‍ശം ജീവകാരുണ്യപദ്ധതി നടപ്പിലാക്കുമെന്ന് തിരുവനന്തപുരം ഡിസിസി അറിയിച്ചു.

On first death anniversary eve, Congress leaders recall memories of Oommen Chandy