04
Aug 2023
Thu
04 Aug 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ഓണാഘോഷത്തിന്റെ ഭാഗമായി വാഹനമുപയോഗിച്ചുള്ള അഭ്യാസങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍. ഈ വര്‍ഷം ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പെട്ടാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍.രാജീവ് മുന്നറിയിപ്പ് നല്‍കി.

ആഘോഷങ്ങളുടെ ഭാഗമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള അഭ്യാസങ്ങളാണ് നടക്കാറുള്ളത്. ബൈക്കുകള്‍, കാറുകള്‍, ജീപ്പുകള്‍ തുടങ്ങിയ വാഹനങ്ങള്‍ ഉപയോഗിച്ച് പൊതുനിരത്തുകളിലും കോളേജ് വളപ്പിലും റാലികള്‍ സര്‍വ്വ സാധാരണമാണ്. പൊതുനിരത്തുകളില്‍ ആഘോഷത്തിന്റെ ഭാഗമായി റേസുകളും നടത്താറുണ്ട്. എന്നാല്‍, ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വാഹനങ്ങള്‍ക്കും വാഹന ഉടമകള്‍ക്കുമെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

നിര്‍ദേശം മറികടന്ന് ഇത്തരം ആഘോഷങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മിന്നല്‍ പരിശോധനകള്‍ നടത്തുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ഇത്തരം ആഘോഷങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനൊപ്പം നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ അതാത് സ്ഥലങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചാല്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കാനുള്ള സംവിധാനങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉറപ്പുനല്‍കി.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക