ലോകത്തുടനീളം വിറ്റഴിച്ച ഒറ്റചക്ര ഇലക്ട്രിക് സ്‌കേറ്റ്‌ബോര്‍ഡുകള്‍ പിന്‍വലിക്കുന്നു. ഇത്തരം സ്‌കേറ്റ് ബോര്‍ഡ് ഉപയോഗിച്ച നാലു പേര്‍ അപകടത്തില്‍ മരിച്ച സാഹചര്യത്തില്‍ യുഎസിലെ ഉപഭോക്തൃ ഉല്‍പന്ന സുരക്ഷാ കമ്മീഷന്‍ ആണ് നടപടിക്കു പിന്നില്‍. യുഎസില്‍ വിറ്റ മൂന്നുലക്ഷത്തിലേറെ ഒറ്റചക്ര ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കമ്മീഷന്‍ തിരിച്ചുവിളിച്ചുകഴിഞ്ഞു.
|
യുഎസിലെ മാത്രമല്ല ലോകത്തുടനീളം വിറ്റഴിച്ച തങ്ങളുടെ ഉല്‍പ്പന്നങ്ങളാണ് തിരിച്ചുവിളിക്കുന്നതെന്ന് വണ്‍വീല്‍സ് എന്ന ഈ സ്‌കേറ്റ് ബോര്‍ഡിന്റെ നിര്‍മാതാക്കളായ ഫ്യൂച്ചര്‍ മോഷന്‍ അറിയിച്ചു. ഫ്യൂച്ചര്‍ മോഷന്റെ വെബ്‌സൈറ്റില്‍ കയറി സ്‌കേറ്റ്‌ബോര്‍ഡ് തിരിച്ചയയ്ക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. 2019നും 2021നും ഇടയിലായാണ് വണ്‍വീല്‍ ഉപയോക്താക്കളായ നാലുപേര്‍ അപകടത്തില്‍ മരിച്ചത്. ഇതിനു പുറമേ വീഴ്ചയില്‍ നിരവധി പേര്‍ക്ക് തലച്ചോറിന് ക്ഷതവും അസ്ഥികള്‍ പൊട്ടുകയും ശരീരം തളര്‍ന്നുപോവുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ടായി.
അപ്രതീക്ഷിതമായി വണ്‍വീല്‍ നിന്നുപോയതിനാലാണ് തങ്ങള്‍ക്ക് അപകടമുണ്ടായതെന്ന് ചൂണ്ടിക്കാട്ടി 31 കേസുകളാണ് വണ്‍വീല്‍സിനെതിരേ യുഎസില്‍ നല്‍കപ്പെട്ടത്. വണ്‍വീല്‍, വണ്‍വീല്‍പ്ലസ്, വണ്‍വീല്‍പ്ലസ് എക്‌സ്ആര്‍, വണ്‍വീല്‍ പിന്റ്, വണ്‍വീല്‍ പിന്റ് എഖ്‌സ്, വണ്‍വീല്‍ ജിറ്റി എന്നീ മോഡലുകളാണ് കമ്പനി പിന്‍വലിക്കുന്നത്. പുതിയ സംഭവവികാസങ്ങളുടെ സാഹചര്യത്തില്‍ ബ്രിട്ടനില്‍ വണ്‍വീല്‍സിന്റെ വില്‍പ്പന നിര്‍ത്തിവച്ചു. പിന്‍വലിക്കുന്ന സ്‌കേറ്റ്‌ബോര്‍ഡുകള്‍ക്ക് പകരം കമ്പനി ചെറിയതോതില്‍ പണം നല്‍കുന്നുണ്ട്. ഈ പണം പുതിയ മോഡലിലുള്ള സ്‌കേറ്റ് ബോര്‍ഡ് വാങ്ങുന്നതില്‍ കുറച്ചു നല്‍കുകയാണ് ചെയ്യുക.


