21
Jul 2024
Wed
21 Jul 2024 Wed

കോപ്പ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിന് എതിരാളി ഉറുഗ്വെ; അര്‍ജന്റീനക്ക് ഇക്വഡോറും; വിനീഷ്യസിന് ക്വാര്‍ട്ടര്‍ നഷ്ടമാകും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നടന്നുവരുന്ന കോപ്പാ അമേരിക്കന്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. അര്‍ജന്റീന, കാനഡ, വെനസ്വല, ഇക്വഡോര്‍, ഉറുഗ്വെ, പനാമ, കൊളംബിയ, ബ്രസീല്‍ ടീമുകളാണ് അവസാന എട്ടില്‍ ഇടം പിടിച്ചത്. മറ്റന്നാള്‍ നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ അര്‍ജന്റീന ഇക്വഡോറിനെയും ഞായറാഴ്ച ബ്രസീല്‍ കരുത്തരും മുന്‍ ചാംപ്യന്‍മാരുമായ ഉറുഗ്വെയയും നേരിടും. കൊളംബിയയുടെ എതിരാളികള്‍ പനാമയും കാനഡയുടെ എതിരാളികള്‍ വെനസ്വലയുമാണ്.

ഇന്ന് പരാവിലെ നടന്ന ഗ്രൂപ്പ് ഡിയിലെ അവസാന റൗണ്ട് പോരാട്ടത്തില്‍ ബ്രസീലിനെ കൊളംബിയ സമനിലയില്‍ തളച്ചു. 12ാം മിനിറ്റില്‍ റഫീന്യയുടെ ഗോളില്‍ മുന്നിലെത്തിയ ബ്രസീലിനെതിരെ ആദ്യ പകുതിയുടെ അവസാനനിമിഷം ഡാനിയല്‍ മുനോസ് നേടിയ ഗോളില്‍ കൊളംബിയ സമനില പിടിക്കുകയായിരുന്നു. ഏഴു പോയന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് കൊളംബിയ ക്വാര്‍ട്ടര്‍ പ്രവേശം. അഞ്ചു പോയന്റുള്ള ബ്രസീല്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തുകയായിരുന്നു. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ മഞ്ഞകാര്‍ഡ് കണ്ടതോടെ ബ്രസീലിന്റെ സൂപ്പര്‍ താരം വിനീഷ്യസിന് ക്വാര്‍ട്ടര്‍ മത്സരം നഷ്ടമാകും.

കളിയുടെ തുടക്കം മുതല്‍ തന്നെ ബ്രസീല്‍ ആക്രമിച്ചു കളിച്ചു. ആദ്യ മിനിറ്റില്‍ തന്നെ ബോക്‌സിലേക്കു വന്ന റഫീന്യയുടെ ക്രോസിനൊപ്പമെത്താന്‍ പക്ഷേ ബ്രസീല്‍ താരങ്ങള്‍ക്കാര്‍ക്കും സാധിച്ചില്ല. തൊട്ടടുത്ത മിനിറ്റുകളില്‍ റോഡ്രിഗോയും വീനീഷ്യസുമെല്ലാം കൊളംബിയന്‍ ബോക്‌സ്‌സിലേക്ക് പന്തുമായെത്തിയെങ്കിലും ഗോള്‍കീപ്പര്‍ കാമിലോ വാര്‍ഗാസ് ഉറച്ചുനിന്നു. തുടക്കത്തിലെ ബ്രസീല്‍ ആക്രമണങ്ങളില്‍ പകച്ചുപോയ കൊളംബിയ വൈകാതെ തന്നെ താളംകണ്ടെത്തി. ഏഴാം മിനിറ്റില്‍ കൊളംബിയയുടെ ആദ്യ ആക്രമണമെത്തി. പന്തുമായി മുന്നേറിയ മച്ചാഡോയില്‍ നിന്ന് ജെയിംസ് റോഡ്രിഗസിലോക്കെ പന്തെത്തി. എന്നാല്‍ താരത്തെ വിനീഷ്യസ് ഫൗള്‍ ചെയ്തു. ഈ ഫൗളിനാണ് വിനീഷ്യസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചത്. പിന്നാലെ റോഡ്രിഗസ് എടുത്ത ഫ്രീകിക്ക് ക്രോസ്ബാറിലിടിച്ച് മടങ്ങുകയായിരുന്നു.12ാം മിനിറ്റില്‍ ബ്രസീല്‍ മുന്നിലെത്തി. മികച്ചൊരു ഫ്രീകിക്കിലൂടെ റഫീന്യ പന്ത് വലയിലെത്തിക്കുകയായിരുന്നു. താരത്തിന്റെ ഷോട്ട് ഗോളി വാന്‍ഗാസിന് യാതൊരു അവസരവും നല്‍കാതെ പോസ്റ്റിന്റെ ഇടതുമൂലയില്‍ പതിച്ചു. ഗോള്‍വീണതോടെ കൊളംബിയന്‍ ആക്രമണങ്ങള്‍ക്ക് ജീവന്‍വെച്ചു. 19ാം മിനിറ്റില്‍ റോഡ്രിഗസിന്റെ ഫ്രീകിക്കില്‍ നിന്ന് സാഞ്ചസ് പന്ത് വലയിലെത്തിച്ചെങ്കിലും വാര്‍ പരിശോധനയില്‍ താരം ഓക്‌സൈഡാണെന്ന് തെളിഞ്ഞതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കോസ്റ്ററീക്ക ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാഗ്വെയെ കീഴടക്കി. ഇരു ടീമുകളും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

Copa America 2024 Quarter-Finals: Who Faces Who, Schedule, Timings – All You Need to Know