ചൈനക്കാര്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ഒരു പുതിയ ട്രെന്‍ഡാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. സമ്മര്‍ദം കുറയ്ക്കാനും ആശ്വാസത്തിനുമായി സ്ത്രീകള്‍ പുരുഷന്മാരെ അഞ്ച് മിനിറ്റ് സമയത്തേക്ക് പണം നല്‍കി ആലിംഗനം ചെയ്യുന്ന മാന്‍ മംസ് ആണ് പുതിയ ട്രെന്‍ഡ്.
|
20 മുതല്‍ 50 യുവാന്‍(250600രൂപ) ആണ് ഇതിനായി ചെലവ് വരുന്നത്. ആലിംഗനം ചെയ്യാന്‍ ആശ്രയിക്കുന്ന പുരുഷന്മാര്‍ മാന്‍ മംസ് എന്നാണ് അറിയപ്പെടുന്നത്.
ചാറ്റ് ആപ്പുകള്‍ വഴിയാണ് ഈ ആലിംഗനങ്ങള്‍ക്കുള്ള പുരുഷന്മാരെ കണ്ടെത്തുന്നത്. പിന്നീട് മാളുകള്‍, സബ്വേ സ്റ്റേഷനുകള്‍ പോലുള്ള പൊതുസ്ഥലത്തുവെച്ച് കണ്ടുമുട്ടുകയും മാന്‍മംസില്‍നിന്നും ആലിംഗനങ്ങള്‍ വാങ്ങുകയും ചെയ്യുന്നു.
ഇങ്ങനെ ചെയ്യുന്നത് സമ്മര്‍ദം അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ വൈകാരികമായ ആശ്വാസം നല്‍കുന്നുവെന്നാണ് പറയപ്പെടുന്നത്. പെരുമാറ്റം, ക്ഷമ, ശരീരഘടന, രൂപം എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്ത്രീകള്‍ മംമ്സിനെ തിരഞ്ഞെടുക്കുന്നത്.

പേശീബലമുള്ള, ജിമ്മില്‍പോകുന്ന പുരുഷന്മാരെ വിശേഷിപ്പിക്കാനാണ് മാന്‍ മംസ് എന്ന പദം ഉപയോഗിച്ചിരുന്നതെങ്കിലും ഇപ്പോള്‍ അത് ശാരീരികമായി ശക്തിയും സൗമ്യതയും ക്ഷമയുമുള്ള പുരുഷന്മാരെയാണ് സൂചിപ്പിക്കുന്നതെന്ന് സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാനമായും നഗരങ്ങളില്‍നിന്നുള്ള സ്ത്രീകളാണ് ആലിംഗനങ്ങള്‍ക്കായി സോഷ്യല്‍മീഡിയയില്‍ ആണ്‍ മംമ്സിനെ തിരയുന്നത്.
തീസിസ് കാരണം തനിക്കുള്ള സമ്മര്‍ദത്തെ മറികടക്കാന്‍ ദയാലുവും ഫിറ്റ്നസുമുള്ള ഒരു മാന്‍മമ്മിന് പണംനല്‍കി ആലിംഗനം വാങ്ങണമെന്ന് അടുത്തിടെ ഒരു വിദ്യാര്‍ഥി സോഷ്യല്‍മീഡിയയില്‍ എഴുതി പോസ്റ്റ് ചെയ്തിരുന്നു.
സോഷ്യല്‍മീഡിയയില്‍ വൈറലായ ഈ ട്രെന്‍ഡിന്റെ നല്ലവശങ്ങളും മോശം വശങ്ങളും എടുത്തുപറഞ്ഞുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കാന്‍ ഇത് കാരണമാകുമെന്നാണ് പ്രധാന വാദം.


